പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ സഹായിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കായംകുളം: പൊലീസ് സേനയിലെ ജോലിതട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. തൃക്കുന്നപ്പുഴ എസ്.ഐ ആയിരുന്ന സന്ദീപ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശരണ്യയെ സഹായിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഐ.ജിയാണ് നടപടി സ്വീകരിച്ചത്.
അതിനിടെ,  കേസില്‍  റിമാന്‍ഡിലായ ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍  ശരണ്യ (23) ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ആഭ്യന്തര വകുപ്പിന് തലവേദനയായി. തട്ടിപ്പിന് ആഭ്യന്തരമന്ത്രിയുടെ ഓഫിസിന്‍െറ സഹായം ലഭിച്ചതായാണ് മൊഴിയില്‍ പറയുന്നത്. പാനൂരിലുള്ള യുവ നേതാവാണ് ആഭ്യന്തരമന്ത്രിയുടെ ഓഫിസുമായി പരിചയപ്പെടുത്തിയതെന്നും തുടര്‍ന്ന് ഇവിടെനിന്ന് സഹായം ലഭിച്ചതായുമാണ് മൊഴി. എന്നാല്‍, ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരു സഹായവും നല്‍കിയിട്ടില്ളെന്ന് മന്ത്രിയുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. മന്ത്രിയുടെ ഓഫിസിനെ തട്ടിപ്പുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ചിലരുടെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പിന്‍െറ ആക്ഷേപം. കുറ്റവാളികള്‍ ഒരുനിലക്കും രക്ഷപ്പെടാതിരിക്കാനാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതെന്നും അവര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.