കോട്ടയം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് സി.കെ. വിദ്യാസാഗര്‍. മരണത്തില്‍ പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. നീന്തല്‍ വിദഗ്ധനായ സ്വാമി മുങ്ങിമരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല. സ്വാമിയുടെ സഹായിയായ സാബുവിനെ അപകടം നടന്നയുടെ അവിടെ എത്തുമ്പോള്‍ കണ്ടിരുന്നില്ല. അന്വേഷിച്ചപ്പോള്‍ വര്‍ക്കലയിലേക്ക് എന്തോ ആവശ്യത്തിന് പറഞ്ഞുവിട്ടു എന്നാണ് അറിഞ്ഞത്. ഇത്തരം സംശയങ്ങള്‍ക്ക് ബലമേകുന്ന ഒരു കത്ത് തനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. നദിയില്‍നിന്ന് സ്വാമിയുടെ മൃതദേഹം പൊക്കിയെടുക്കുമ്പോള്‍ ശരീരത്തിന് നീലനിറമായിരുന്നെന്ന് കത്തില്‍ പറയുന്നു. കുറച്ചുസമയത്തിനു ശേഷമാണ് സ്വഭാവിക നിറത്തിലേക്ക് ശരീരം മാറിയത്. പാലില്‍ എന്തോ കലര്‍ത്തി സ്വാമിക്ക് നല്‍കിയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ തനിക്ക് ഇത് പുതിയൊരു വിവരമാണ്.
പ്രിയനെപ്പറ്റിയും വിയൂര്‍ ജയിലില്‍ കഴിയുന്ന സജീഷിനെപ്പറ്റിയും പ്രവീണിനെപ്പറ്റിയും മറ്റു ചിലരെപ്പറ്റിയും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അന്വേഷണ സംഘം ഈ കത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം കൈമാറും. എന്നാല്‍, ഒരാളെ വിരല്‍ ചൂണ്ടി അന്വേഷണം നടത്തേണ്ട പശ്ചാത്തലം ഇപ്പോഴില്ളെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിമരണത്തെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് തുടക്കത്തില്‍ അന്വേഷണത്തിന് തടസ്സമായത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന് മുന്നോടിയായി സമത്വമുന്നേറ്റയാത്രക്ക് ഒരുങ്ങുന്ന വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നേതൃസ്ഥാനങ്ങള്‍ ഒഴിയണമെന്നും മൈക്രോഫിനാന്‍സിലെ അഴിമതി ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്നും സെക്കുലര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.