പുൽപള്ളി പൊലീസ്​ സ്​റ്റേഷൻ ആക്രമണത്തിന് 47 വയസ്സ്

പുൽപള്ളി: നക്സലൈറ്റ് ആക്രമണത്തിെൻറ നടുക്കുന്ന ഓർമകളുമായി ചേകാടിയിലെ വീരാടി, ഐരാടി തറവാടുകൾ. പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിനുശേഷം കെ. അജിതയുടെ നേതൃത്വത്തിലുള്ള 41 അംഗ നക്സൽ ബാരി സംഘം 47 വർഷങ്ങൾക്കുമുമ്പ് ഇതേ ദിവസമാണ് ഈ തറവാടുകളിലെത്തി പണവും സ്വർണവും ധാന്യവുമടക്കം കൊള്ളയടിച്ചത്. 1968 നവംബർ 24ന് അർധരാത്രിയായിരുന്നു പുൽപള്ളി പൊലീസ്സ്റ്റേഷൻ നക്സലുകൾ ആക്രമിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന വയർലെസ് ഓപറേറ്ററായ ഹവീൽദാർ കുഞ്ഞികൃഷ്ണൻ നായർ കൊല്ലപ്പെട്ടു. തുടർന്ന് നക്സൽസംഘം വനപാതയിലൂടെ നടന്ന് ചേകാടിയിലെത്തി. ഇവിടത്തെ വീരാടി, ഐരാടി ജന്മി തറവാടുകൾ കൊള്ളയടിക്കുകയായിരുന്നു ലക്ഷ്യം.

ജന്മികുടുംബങ്ങൾ ആദിവാസികളെ ചൂഷണംചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു വീടുകൾ കൊള്ളയടിച്ചത്. ആദ്യം സംഘമെത്തിയത് ഐരാടി ദാസൻചെട്ടിയുടെ വീട്ടിലായിരുന്നു. കാക്കി യൂനിഫോം ധരിച്ചവരും തോക്കുധാരികളും സംഘത്തിലുണ്ടായിരുന്നു. പുലർച്ചെ ആറിനെത്തിയ സംഘം വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി. തോക്കുകൊണ്ടും കുന്തംകൊണ്ടും നെഞ്ചിലമർത്തി ഭയപ്പെടുത്തി, പത്തായത്തിെൻറയും പണപ്പെട്ടിയുടെയും താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ ലഭിച്ച സംഘം, പത്തായപ്പുരയിലുണ്ടായിരുന്ന നെല്ല് ഇവിടെവെച്ചുതന്നെ ആദിവാസികൾക്കടക്കം വീതിച്ചുനൽകി. വീട്ടിലെ ഒട്ടേറെ രേഖകൾ കത്തിച്ചു. 15,000 രൂപയും കവർന്നു. പിന്നീട് സംഘം വീരാടി തറവാട്ടിലെത്തി. ഇവിടെനിന്ന് 60 പവൻ സ്വർണവും 6000 രൂപയും 20 ക്വിൻറൽ നെല്ലും കൈക്കലാക്കി. അന്ന്, തിമ്മപ്പൻ ചെട്ടിയുടെ 12 വയസ്സുകാരനായ മകൻ രാമകൃഷ്ണൻ ഇന്നും ഭീതിയോടെയാണ് ആ സംഭവങ്ങൾ ഓർക്കുന്നത്.

ആക്രമണത്തിനുശേഷം നക്സൽ സംഘം തിരുനെല്ലി കാടുവഴി രക്ഷപ്പെട്ടു. പിന്നീടാണ് അജിത പിടിക്കപ്പെടുന്നത്.  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനായിരുന്ന മാവോ സേ തുങ്ങിെൻറ ‘തോക്കിൻകുഴലിലൂടെ വിപ്ലവം’ എന്ന ആഹ്വാനത്തിൽ ആകൃഷ്ടരായാണ് കേരളത്തിലും ചിലർ തീവ്ര കമ്യൂണിസ്റ്റുകളായത്. ബംഗാളിൽ ചാരും മജുംദാർ, കനു സന്യാൽ എന്നിവർ ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിലും ഇതിെൻറ അലയടികളുണ്ടായി.

കേരളത്തിലും ഒരുസംഘം തീവ്രകമ്യൂണിസ്റ്റുകൾ സായുധവിപ്ലവത്തിന് തയാറെടുത്തു. ഇവരെയാണ് നക്സൽബാരികൾ എന്നുവിളിക്കുന്നത്. കുന്നിക്കൽ നാരായണൻ, ഭാര്യ മന്ദാകിനി, മകൾ കെ. അജിത, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നക്സൽബാരി പ്രവർത്തകർ ജന്മിത്വത്തിനും പൊലീസ് മർദനമുറകൾക്കുമെതിരെ കേരളത്തിൽ രംഗത്തുവരുകയായിരുന്നു. പുൽപള്ളിയിൽ 1968ൽ ഭൂമിക്കുവേണ്ടി കർഷകസമരം ശക്തമായിരുന്നു. ഇവരെ അടിച്ചമർത്താനായി പൊലീസ് ക്യാമ്പുകൾ തുറന്നിരുന്നു. വയനാട്ടിൽ ആദിവാസികൾ കൊടിയ ചൂഷണത്തിനും ഇരയായി. ഇതിനെതിരെ പ്രതികരിക്കാനായിരുന്നു പുൽപള്ളി പൊലീസ്സ്റ്റേഷൻ ആക്രമണം. അന്ന് വിപ്ലവ പ്രസ്ഥാനത്തിലുണ്ടായിരുന്ന ചിലർ ഇതിനകം മരണപ്പെട്ടു.

ഫിലിപ്പ് എം. പ്രസാദ് ആത്മീയതയിലേക്കും കെ. അജിത സാമൂഹിക പ്രവർത്തനങ്ങളിലേക്കും തിരിയുകയും ചെയ്തു.എ. വർഗീസ്, കിസാൻ തൊമ്മൻ എന്നിവരും പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് 1971ൽ എ. വർഗീസിനെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.