കൊച്ചി: കണ്ണൻ ദേവൻ തോട്ടങ്ങളിലെ അനധികൃത നിർമാണവും കൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ വാദം പൂർത്തിയായി രണ്ടുവർഷമായിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരെ ഹൈകോടതിക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദെൻറയും കത്ത്. കേസിലെ വിധി വൈകുന്നത് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് കത്ത് നൽകിയതിനുപിന്നാലെയാണ് വി.എസും രജിസ്ട്രാർ ജനറലിന് കത്തയച്ചത്.
മൂന്നാറിലെ എസ്റ്റേറ്റിൽ ഹോം സ്റ്റേകൾക്കും ബംഗ്ലാവുകൾക്കും അനുമതി നിഷേധിച്ചതിനെതിരെ കണ്ണൻ ദേവൻ നൽകിയ ഹരജിയിൽ 2013 നവംബറിൽ വാദം പൂർത്തിയായിരുന്നു. ഒരു ലക്ഷത്തോളം ഏക്കർ ഭൂമി വ്യാജ രേഖ ചമച്ച് ഹരജിക്കാർ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വാദം കേട്ട് വിധിപറയാൻ മാറ്റിയതല്ലാതെ തുടർ നടപടിയുണ്ടായില്ല. വിധിപറയാൻ ഇനിയും വൈകിയാൽ അത് പൊതുജനത്തോടുള്ള അനീതിയായി മാറും. വാദം പൂർത്തിയായാൽ മൂന്ന് മാസത്തിനകം വിധിപറയണമെന്ന് സുപ്രീംകോടതി വിധിയുള്ളതാണ്. അല്ലാത്തപക്ഷം സിംഗിൾ ബെഞ്ചിെൻറ വിധിക്ക് കാത്തുനിൽക്കാതെ ചീഫ് ജസ്റ്റിസ് ബെഞ്ചിന് മുന്നിലെത്തിച്ച് എത്രയും വേഗം തീർപ്പാക്കണം.
രാജ്യത്തിെൻറ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിച്ച് കണ്ണൻ ദേവൻ അധികൃതർ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തുകയാണെന്നും വി.എസ് കത്തിൽ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുതാൽപര്യം പരിഗണിച്ച് എത്രയും വേഗം കേസിൽ വിധിപറയാനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് കത്തിലെ ആവശ്യം. കേസിലെ വിധി വരാത്തത് മറ്റൊട്ടേറെ സുപ്രധാന കേസുകളിൽ വാദം കേൾക്കാൻ പോലും തടസ്സമായതായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് മുമ്പാകെയുള്ള പൊതുതാൽപര്യ ഹരജികളുടെ പരിഗണന പോലും ഈ കേസിലെ വിധിക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്നും കത്തിലുണ്ടായിരുന്നു.
ബംഗ്ലാവുകൾ ഗെസ്റ്റ് ഹൗസുകളും മറ്റുമാക്കാൻ പഞ്ചായത്തുകൾ നൽകിയ ലൈസൻസ് റദ്ദാക്കിയ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ദേവൻ ഹിത്സ് പ്ലാേൻറഷൻ അധികൃതർ ഹരജി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.