മലബാർ സിമൻറ്സ്:​ കുറ്റം കണ്ടെത്തിയ അഞ്ച് അഴിമതിക്കേസുകൾ അട്ടിമറിക്കാൻ നീക്കം

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ വാളയാർ മലബാർ സിമൻറ്സ് ഫാക്ടറിയിൽ അരങ്ങേറിയ അഴിമതിയുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ അട്ടിമറിക്കാൻ ഉന്നതതലത്തിൽ തകൃതിയായ നീക്കം. രേഖാമൂലം ലഭിച്ച പരാതികളിൽ വിജിലൻസ് നടത്തിയ സത്വര പരിശോധനയിൽ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ കേസുകളാണ് അട്ടിമറിക്കപ്പെടുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും പ്രതികൾക്ക് കുറ്റപത്രം നൽകുകയും വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് സൂപ്രണ്ട് തന്നെ സമർപ്പിച്ച റിപ്പോർട്ടുകൾ ഫലത്തിൽ തള്ളുകയാണ് സർക്കാർ ചെയ്തത്.

കമ്പനിയിലെ മുൻ പേഴ്സനൽ സെക്രട്ടറി സൂര്യനാരായണൻ തൃശൂർ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ ലൈനർ പ്ലേറ്റ് ഇടപാടിൽ ക്രമക്കേട് നടന്നതായി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിജിലൻസ് നടത്തിയ സത്വര അന്വേഷണത്തിൽ സ്ഥാപനത്തിന് അധികബാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചു. മാനേജിങ് ഡയറക്ടർ ഉൾപ്പെടെ നാലുപേർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് ശിപാർശ ചെയ്തെങ്കിലും സർക്കാർ നടപടി ഉണ്ടായിട്ടില്ല. പൊതുപ്രവർത്തകൻ ജോയ് കൈതാരത്ത് വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് നൽകിയ രണ്ട് പരാതികളിൽ പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ശിപാർശ ചെയ്തത്.

പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി നൽകിയ ഇതുസംബന്ധിച്ച റിപ്പോർട്ട് ശരിവെച്ച വിജിലൻസ് എസ്.പിയും ഉടൻ കേസെടുക്കണമെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. പകരം വിജിലൻസ് ഡയറക്ടർ വിൻസെൻറ് എം. പോൾ പുതിയ അന്വേഷണത്തിനാണ് തീരുമാനിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. കീഴുദ്യോഗസ്ഥെൻറ ശിപാർശ തള്ളിയുള്ള ഈ റിപ്പോർട്ട് സർക്കാർ തന്നെ ഇടപെട്ട് നിർവീര്യമാക്കിയെന്നാണ് വിവരം.

കമ്പനിയിലെ ലീഗൽ ഓഫിസർ സ്ഥാപനത്തിന് വൻ സാമ്പത്തികനഷ്ടം വരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുകയും മാനേജിങ് ഡയറക്ടറും ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജറും ചേർന്ന് സിമൻറ് ഡീലർമാർക്ക് അശാസ്ത്രീയ ഡിസ്കൗണ്ട് നൽകുകയും ചെയ്ത വകയിൽ കോടികളുടെ അധികബാധ്യത വന്നെന്നായിരുന്നു ജോയ് കൈതാരത്തിെൻറ പരാതി. ഇതിൽ സത്വര അന്വേഷണം നടത്തിയ പാലക്കാട് വിജിലൻസ് വിഭാഗം പ്രഥമദൃഷ്ട്യാ അഴിമതി നടന്നെന്ന് കണ്ടെത്തി. അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ശിപാർശ ചെയ്തു. പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന റിപ്പോർട്ടുകൾ അട്ടിമറിക്കുന്നെന്നാരോപിച്ച് വിജിലൻസ് കോടതിയെ സമീപിക്കാനാണ് ജോയ് കൈതാരത്തിെൻറ തീരുമാനം.

പൊതുമേഖലാ സംരക്ഷണ സമിതിയുടെ ഭാരവാഹികൾ നൽകിയ രണ്ട് കേസുകളിലെ അന്വേഷണ റിപ്പോർട്ടുകൾക്കും ഇതേഗതി തന്നെയുണ്ടായി. വിദേശത്തുനിന്ന് ക്ലിംഗർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് മൂലം അഞ്ചുകോടി രൂപയുടെ അധികബാധ്യത ഉണ്ടായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വെയർഹൗസിങ് കോർപറേഷൻ ഗോഡൗൺ വഴിയുള്ള സിമൻറ് സൂക്ഷിപ്പിലും വിപണനത്തിലും രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടും ജലരേഖയായി. സ്ഥാപനത്തിലെ ഉന്നതരായ ചിലരുടെ സമ്മർദവും ചരടുവലിയുമാണ് കേസുകൾ അട്ടിമറിക്കാൻ പ്രേരകമായതത്രെ. കേസെടുക്കാൻ എസ്.പി നിർദേശിച്ചിട്ടും അതു തള്ളിയ ഡയറക്ടറുടെ നടപടിയിലും ദുരൂഹതയുണ്ട്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.