കോഴിക്കോട്: സമദ്ക്കായുടെ കടയിൽ ഒരു ചായക്ക് പറഞ്ഞാണ് നൗഷാദ് മരണത്തിെൻറ മാൻഹോളിലേക്ക് ഓടിയടുത്തത്. നടുറോഡിലെ ഭൂഗർഭ അറയിൽ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു അപ്പോൾ. സ്വന്തം രക്ഷ നോക്കാതെ മാൻഹോളിലിറങ്ങി നൗഷാദ് കൈകൾ നീട്ടി. മരണവെപ്രാളത്തിൽ പിടയുകയായിരുന്ന ആന്ധ്രക്കാരായ നരസിംഹനും ഭാസ്കറും ആ കരങ്ങളിൽ തൂങ്ങിപ്പിടിച്ചു.
അപ്പോഴേക്കും ശ്വാസതടസ്സമനുഭവപ്പെട്ട് നൗഷാദും മരണക്കിണറിലേക്ക് കുഴഞ്ഞുവീണു. മൂന്ന് മനുഷ്യജീവനുകൾ നിമിഷനേരംകൊണ്ട് പൊലിഞ്ഞു. ദൃക്സാക്ഷിയായിരുന്ന ജോസ് ചാഴൂർ എന്ന കച്ചവടക്കാരൻ ‘ഇറങ്ങല്ലേ... ഇറങ്ങല്ലേ അപകടമാണ് ’എന്ന് നൗഷാദിനെ നോക്കി വിലക്കുന്നുണ്ടായിരുന്നു. പരസഹായത്തിൽ ആനന്ദം കണ്ടെത്തുന്ന നൗഷാദിെൻറ കാതുകൾ ആ താക്കീതിനെ അവഗണിച്ചു.
കണ്ടംകുളം ക്രോസ് റോഡിലെ സമദ്ക്കയുടെ വാഴയിൽ ടീസ്റ്റാളിൽ നൗഷാദിനുവേണ്ടി പകർന്നുവെച്ച ചുടുചായ അപ്പോഴേക്കും തണുത്തിരുന്നു. കോഴിക്കോടിെൻറ നന്മകൾ നെഞ്ചിലേറ്റി നടന്ന ഓട്ടോഡ്രൈവർ നൗഷാദിെൻറ ജീവനും മരണത്തിെൻറ തണുപ്പിലേക്കാഴ്ന്നുപോയിരുന്നു. മാൻഹോളിെൻറ മൂടി തുറന്നയുടൻ തൊഴിലാളികൾ കുഴിയിലിറങ്ങാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായത്. കുഴിയിലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും രണ്ട് തൊഴിലാളികൾ ശ്വാസംകിട്ടാതെ കുഴഞ്ഞു വീണു.
പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിക്കുന്നതിലും സാന്ത്വനപ്രവർത്തനങ്ങളിലും സജീവമായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെ ഈ ഓട്ടോഡ്രൈവർ നഗരത്തിന് സുപരിചിതനായിരുന്നു. ഓട്ടോറിക്ഷ ഓടിക്കുന്നതിൽ വലിയ താൽപര്യം കാണിക്കാതെ പൊതുപ്രവർത്തനത്തിൽ സജീവമാണ് നൗഷാദെന്ന് ചായക്കടക്കാരൻ സമദ്ക്ക പറഞ്ഞു. സൗദിയിൽ ജോലിചെയ്യുന്ന പിതാവ് എത്താൻവേണ്ടിയാണ് ഖബറടക്കം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.