തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. ഐ.പി.സി 153 എ അനുസരിച്ച് ആലുവ പൊലിസാണ് കേസെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപള്ളിക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതനുസരിച്ച് ആഭ്യന്തര സെക്രട്ടറിയോട് അഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചെന്നിത്തല വ്യക്തമാക്കി.
വിദ്വേഷ പ്രസ്താവനകള്‍ തടയേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, ജാഥയെ തടയാന്‍ സര്‍ക്കാറിന് പദ്ധതിയില്ല. കേരളീയ പൊതു സമൂഹം മൊത്തത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ നേരിടും. വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.