കാലിക്കറ്റ് വി.സി നിയമനം: ഹരജി തള്ളി; സർച് കമ്മിറ്റി നടപടി തുടരാൻ അനുമതി

കൊച്ചി: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട സർച് കമ്മിറ്റി നടപടി തുടരാൻ ഹൈകോടതി അനുമതി. യു.ജി.സി മാർഗരേഖ പ്രകാരമുള്ള യോഗ്യത നിർബന്ധമാക്കി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകനായി വിരമിച്ച ഡോ. ആലസൻകുട്ടി നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രെൻറ ഉത്തരവ്.
യു.ജി.സി റെഗുലേഷൻ അനുസരിച്ച് സർക്കാർ കൊണ്ടുവന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർച് കമ്മിറ്റി യോഗ്യത വ്യക്തമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഇത് നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

യു.ജി.സി മാനദണ്ഡപ്രകാരം പ്രഫസർ തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചതെന്നും യോഗ്യരായ പലർക്കും നിയമനത്തിന് അവസരം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. യു.ജി.സി ചട്ടമനുസരിച്ച് തസ്തിക നിർണയിച്ചുള്ള വിജ്ഞാപനം സംസ്ഥാനത്ത് നിലവിൽവന്നത് 2010ലാണ്.അതിനുശേഷമാണ് അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ എന്ന നിലയിൽ തസ്തികയുണ്ടായത്.

1990 മുതൽ 2010 വരെ സംസ്ഥാനത്ത് ഈ തസ്തിക സർവകലാശാലാ അധ്യാപകർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. 2010ൽ സർക്കാർ വിജ്ഞാപനത്തിലൂടെ പ്രഫസർ തസ്തിക നിലവിൽ വന്നശേഷം അഞ്ച് വർഷത്തിനപ്പുറം പ്രഫസർ തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർ സർക്കാർ, എയ്ഡഡ് മേഖലയിൽ ഉണ്ടാവില്ല. അതിനാൽ സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപകർക്ക് തത്തുല്യ അധ്യാപനപരിചയമുണ്ടെങ്കിലും വി.സി നിയമനത്തിന് അപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നായിരുന്നു ഹരജിക്കാരെൻറ വാദം.

യു.ജി.സി റെഗുലേഷൻ പ്രകാരം സർവകലാശാല സിസ്റ്റത്തിൽ 10 വർഷം പ്രഫസർ തസ്തികയിലെ പ്രവൃത്തിപരിചയമാണ് വി.സി നിയമനത്തിന് യോഗ്യത. അല്ലെങ്കിൽ ഉന്നത റിസർച് ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓർഗനൈസേഷനിൽ സമാന തസ്തികയിൽ 10 വർഷത്തെ പരിചയം മതിയാകും. ഇതേ റെഗുലേഷൻ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ റെഗുലേഷൻ ഉണ്ടാക്കിയത്.
അധ്യാപകനിയമനത്തിനും യു.ജി.സി റെഗുലേഷൻ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെഗുലേഷൻ ലംഘിച്ച് നിയമനം നടത്തിയാൽ സർക്കാറിെൻറ സാമ്പത്തികസഹായവും ഗ്രാൻറും സർവകലാശാലക്കും കോളജുകൾക്കും നിഷേധിക്കപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജി തള്ളിയതോടെ വി.സിയെ തെരഞ്ഞെടുക്കാനുള്ള സർച് കമ്മിറ്റിയുടെ നടപടിക്കുണ്ടായിരുന്ന സ്റ്റേ നീങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.