വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് അതിക്രമം; എസ്.ഐ.ഒ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: എസ്.ഐ.ഒയുടെ നേതൃത്വത്തില്‍ കമീഷണര്‍ ഓഫിസിലേക്ക് ബഹുജനമാര്‍ച്ച് നടത്തി. ഹൈദരാബാദ് സര്‍വകലാശാല സംഭവങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയതിനെതിരെയായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്കുനേരെ ദേശദ്രോഹക്കുറ്റം ചുമത്താന്‍ ശ്രമിച്ച കസബ സി.ഐ പി. പ്രമോദ്, ടൗണ്‍ എസ്.ഐ ആര്‍. രജീഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് എസ്.ഐ.ഒയുടെ ആവശ്യം. മാര്‍ച്ച് ഡി.ഡി.ഇ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. സിറ്റി പൊലീസ് വകുപ്പിലെ പുഴുക്കുത്തുകളെ കണ്ടത്തെി നടപടിയെടുക്കാന്‍ കേരളസര്‍ക്കാറും ആഭ്യന്തരമന്ത്രിയും സന്നദ്ധമാവണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള ആവശ്യപ്പെട്ടു.

എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്തതിലും എഫ്.ഐ.ആറില്‍ ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന് വിളിച്ചതായി രേഖപ്പെടുത്തിയതിലും നടന്ന ഗൂഢാലോചന അന്വേഷിക്കണം. ബാലാവകാശനിയമങ്ങളുടെ ലംഘനവും പൊലീസിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായി. ജയിലില്‍നിന്ന് ഇറങ്ങിയ പ്രവര്‍ത്തകരെ സ്വീകരിച്ച് നടത്തിയ മാര്‍ച്ചിനെതിരെ ഫയല്‍ ചെയ്ത കേസിലും വ്യാജ ആരോപണങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ കാര്യങ്ങളിലെല്ലാം സമഗ്രാന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം എന്നിവരും സംസാരിച്ചു.

രാവിലെ പത്തരയോടെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പതിനൊന്നോടെ ഡി.ഡി.ഇ ഓഫിസിന്‍െറ മുന്‍വശം പൂര്‍ണമായി അടച്ചത് കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടായി. 12ഓടെ പ്രവര്‍ത്തകര്‍ പിരിഞ്ഞശേഷമാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.