വിരമിക്കുന്ന മൊയ്തീന്‍ മാസ്റ്റര്‍ക്ക് നാടിന്‍െറ ഉപഹാരം

മഞ്ചേരി: 28 വര്‍ഷമായി പകര്‍ന്നുനല്‍കിയ അറിവിന് പാപ്പിനിപ്പാറ എച്ച്.എസ്.എ.യു.പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ മൊയ്തീന്‍ മാസ്റ്റര്‍ക്ക് നല്‍കിയത് ചെറിയ സമ്മാനമല്ല, 5.75 ലക്ഷം വിലയുള്ള പുതുപുത്തന്‍ ഹുണ്ടായ് ഐ ടെന്‍ കാര്‍. 22 വര്‍ഷം സ്കൂളില്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ച മൊയ്തീന്‍ മാസ്റ്റര്‍ പടിയിറങ്ങിയത് ശിഷ്യര്‍ ഉള്ളറിഞ്ഞ് നല്‍കിയ സമ്മാനവുമായാണ്.
 മഞ്ചേരി പാപ്പിനിപ്പാറക്കാരനായ മാസ്റ്റര്‍ക്ക് മികച്ച ഉപഹാരം നല്‍കണമെന്ന് നേരത്തേ തന്നെ മുന്‍ ശിഷ്യരും പി.ടി.എ കമ്മിറ്റിയിലുള്ളവരും തീരുമാനിച്ചിരുന്നു. വിദ്യാലയത്തില്‍നിന്ന് പഠിച്ചിറങ്ങി വലിയ നിലയിലത്തെിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് സംരംഭത്തിന് മുന്‍കൈയെടുത്തത്. സ്കൂളിന്‍െറ 37ാം വാര്‍ഷികാഘോഷമായിരുന്നു മാര്‍ച്ച് 30 മുതല്‍ മൂന്നുദിവസം. വാര്‍ഷികത്തോടൊപ്പം മൊയ്തീന്‍ മാസ്റ്ററുടെ വിരമിക്കല്‍ ചടങ്ങും മഞ്ചേരി പാപ്പിനിപ്പാറ നിവാസികള്‍ അവിസ്മരണീയമാക്കി.
1979ലാണ് പാപ്പിനിപ്പാറ എച്ച്.എസ്.എ.യു.പി സ്കൂള്‍ തുടങ്ങുന്നത്. മൊയ്തീന്‍ മാസ്റ്റര്‍ അധ്യാപകനായി എത്തിയത് 1987ല്‍. അന്നുമുതല്‍ പഠിപ്പിച്ച വിദ്യാര്‍ഥികളില്‍ പലരും രക്ഷിതാക്കളായി അവരുടെ മക്കള്‍ ഇതേ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പഴയ ശിഷ്യസമ്പത്തിലുണ്ട്.
വിദേശത്ത് ബിസിനസും സ്ഥാപനങ്ങളുമായി വേറെയും നിരവധി പേര്‍. മൊയ്തീന്‍ മാസ്റ്റര്‍ക്ക് എന്നും ഓര്‍മിക്കാനായി ഒരു സമ്മാനം നല്‍കാന്‍ മുന്‍കാല ശിഷ്യന്മാര്‍ക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. നിലവില്‍ ഒരു സ്കൂട്ടറാണ് മൊയ്തീന്‍ മാസ്റ്ററുടെ വാഹനം.
 പഠിപ്പിച്ചുവിട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഇത്തരത്തിലൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ച ശേഷമാണ് ഇക്കാര്യം മൊയ്തീന്‍ മാസ്റ്റര്‍ അറിയുന്നത്. കാര്‍ ലഭിച്ചതിലെ അഭിമാനവും സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. വിദ്യാര്‍ഥികളെ മന$ശാസ്ത്രപരമായി സമീപിക്കാന്‍ അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.