മലയാളം ഒഴിവാക്കിയതിനെച്ചൊല്ലി പി.എസ്.സി യോഗത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോക്കും


തിരുവനന്തപുരം: സര്‍വകലാശാല അസിസ്റ്റന്‍റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയതിനെച്ചൊല്ലി പി.എസ്.സി യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. മലയാളത്തിനുവേണ്ടി വാദിച്ച എഴുത്തുകാരന്‍കൂടിയായ അശോകന്‍ ചരുവിലാണ് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണനും അശോകന്‍ ചരുവിലും തമ്മില്‍ വാഗ്വാദവുമുണ്ടായി. മലയാളത്തിനുവേണ്ടി വാദിച്ച തന്നെ ചെയര്‍മാന്‍ ആക്ഷേപിച്ചെന്നും അശോകന്‍ ചരുവില്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.

സര്‍വകലാശാല അസിസ്റ്റന്‍റ് പരീക്ഷയുടെ സിലബസില്‍ മലയാളം ഒഴിവാക്കിയത് തിങ്കളാഴ്ചത്തെ കമീഷന്‍ യോഗത്തിന്‍െറ അജണ്ടയിലുണ്ടായിരുന്നില്ല. എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യണമെന്ന നിലപാട് അംഗങ്ങള്‍ ഉയര്‍ത്തി. മോഹന്‍ദാസാണ് ഇക്കാര്യം ഉന്നയിച്ചത്. മലയാളം ഒഴിവാക്കിയത് ശരിയല്ളെന്നും അത് ഉള്‍പ്പെടുത്തണമെന്നും ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. പരീക്ഷക്ക് പാഠ്യപദ്ധതി തയാറാക്കിയത് തങ്ങള്‍ അറിഞ്ഞില്ളെന്ന് ചിലര്‍ കുറ്റപ്പെടുത്തി. കമീഷന്‍ അറിയാതെ തീരുമാനം എടുക്കുന്നതിനെതിരെയാണ് രണ്ട് അംഗങ്ങള്‍ ചെയര്‍മാനെതിരെ കേസിന് പോകേണ്ടി വന്നതെന്ന് അശോകന്‍ ചരുവില്‍ ചൂണ്ടിക്കാട്ടി.  ഇതോടെ ചെയര്‍മാന്‍ ക്ഷുഭിതനായി. ഉദ്യോഗാര്‍ഥികള്‍ക്കൊക്കെ ഇംഗ്ളീഷ് അറിയാമെന്ന് പറഞ്ഞ ചെയര്‍മാന്‍ അശോകന്‍ ചരുവിലിന്‍െറ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും പരാമര്‍ശിച്ചു. ഇതിനെതിരെ അശോകന്‍ ചരുവില്‍ രംഗത്തുവന്നു. തുടര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോവുകയായിരുന്നു.

ഇതിനുശേഷം വിഷയം ചര്‍ച്ചചെയ്ത കമീഷന്‍, ബിരുദവും അതിനുമുകളിലും യോഗ്യതയുള്ള തസ്തികകളില്‍ മലയാളം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. പി. ശിവദാസനാണ് കമീഷന്‍ ചെയര്‍മാന്‍. മേയ് 24ന് പരീക്ഷ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. സര്‍വകലാശാല അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനത്തിന് ഏത് സര്‍വകലാശാല വേണമെന്ന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കണമെന്ന നിര്‍ദേശത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.എസ്.സിയിലെ സര്‍ക്കാര്‍ റിക്രൂട്ട്മെന്‍റ് വിഭാഗത്തെ ചുമതലപ്പെടുത്തി.
പരീക്ഷാ തീയതിക്ക് നിശ്ചിത സമയത്തിനുമുമ്പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യല്‍, പരീക്ഷാഹാളില്‍ 30 പേരെ ഇരുത്തല്‍ അടക്കമുള്ള പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി നടപ്പാക്കും. 5000 -10000 വരെ അപേക്ഷകരുള്ള ഏതാനും പരീക്ഷകളാണ് ആദ്യം നടത്തുക. ഇതിലെ അനുഭവം വിലയിരുത്തിയശേഷമാകും എല്ലാ പരീക്ഷകളിലേക്കും വ്യാപിപ്പിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.