തിരുവനന്തപുരം: കാൽപന്തുകളിയിൽ വനിതകളെ കൈപിടിച്ചുയർത്തിയ പരിശീലകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഷാജി സി. ഉമ്മൻ (72). പുരുഷ ടീമിനെപ്പോലെ കേരളത്തിലും സ്വന്തമായി വനിത ടീം വേണമെന്ന് ആദ്യമായി ആഗ്രഹിച്ച വ്യക്തി. തന്റെ ആഗ്രഹം യാഥാർഥ്യമാക്കാൻ അദ്ദേഹം ശ്രമിച്ചപ്പോൾ കളത്തിന് പുറത്തും അകത്തും അദ്ദേഹത്തെ കാത്തിരുന്നത് പരിഹാസങ്ങളും വിമർശനങ്ങളുമായിരുന്നു. ആണുങ്ങളെപ്പോലെ പെണ്ണുങ്ങൾക്ക് ഇതൊക്കെ പറ്റുമോയെന്നായിരുന്നു ചോദ്യം. ഒടുവിൽ പരിഹാസങ്ങളെയും വിമർശനങ്ങളെയും ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചുകളഞ്ഞ് 1976ൽ ആൾസെയിന്റ്സ് കോളജ് ഗ്രൗണ്ടിൽ ഷാജിക്ക് കീഴിൽ കേരളത്തിൽ ആദ്യമായി ഒരുസംഘം പെൺകുട്ടികൾ പന്തുതട്ടി തുടങ്ങി. കേരളത്തിലെ ആദ്യത്തെ വനിത ഫുട്ബാൾ ടീം.
ഒരുവർഷത്തിനുള്ളിൽ അയോണ, ട്രീസാ റൊസാരിയോ, മേരി, അച്ചമ്മ, ടെൽമ, ഷാലറ്റ്, ജോളി, കുഞ്ഞുമോൾ, ഏലിയാമ്മ, ലൂസി, ഷൈലജ, സുശീല, ഉഷ എന്നിവരെ വെച്ച് നല്ലൊരു വനിത ഫുട്ബാൾ ടീമിനെ അദ്ദേഹം കേരളത്തിന് സംഭാവന ചെയ്തു. 1976-77ലാണ് എൽ. ലളിതയെന്ന കായിക പ്രതിഭയെ ടീമിലേക്ക് കൊണ്ടുവന്ന് ഷാജി ടീമിന്റെ മൂർച്ച കൂട്ടിയത്. ദേശീയ മത്സരങ്ങളിൽപോലും കേരളത്തിലെ വനിത താരങ്ങൾ ഉശിര് കാട്ടിയതോടെ ഇവരിൽ പലർക്കും ദേശീയ ടീമിലേക്ക് വിളിയെത്താൻ അധികകാലം വേണ്ടിവന്നില്ല.
ടീമിന്റെ നെടുംതൂണായ അയോണ രണ്ട് ഏഷ്യൻകപ്പുകളിലാണ് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 1979-80 ൽ കോഴിക്കോട് നടന്ന മൂന്നാം ഏഷ്യൻ കപ്പിലും 1983-84ൽ തായ് ലന്റിൽ നടന്ന അഞ്ചാം ഏഷ്യാകപ്പിലുമായിരുന്നു അയോണ രാജ്യത്തിനായി പന്തുതട്ടിയത്. അയോണയുടെ കളിമികവിന് കേരളം 1984ൽ മികച്ച വനിത കായികതാരത്തിനുള്ള പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യക്കായി ലോകകപ്പ് ഫുട്ബാൾ കളിച്ച ആദ്യമലയാളി വനിതയെന്ന ഖ്യാതി എൽ.ലളിതക്ക് നേടികൊടുത്തതിന് പിന്നിലും ഷാജി സി. ഉമ്മന്റെ അധ്വാനമുണ്ട്. 1981ൽ തായ്വാനിൽ നടന്ന രണ്ടാം ലോക വനിതാ ചാമ്പ്യൻഷിപ്പിലും മൂന്നാം ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിലും 81ൽ ഹോംകോങ്ങിൽ നടന്നനാലാം ഏഷ്യൻ കപ്പിലും അതേ വർഷം തന്നെ തായ്ലന്റിൽ നടന്ന ഒരു പ്രദർശന മത്സരത്തിൽ അർജന്റീനക്കെതിരെ കളിച്ച ഇന്ത്യൻ ടീമിൽ ലളിത അംഗമായിരുന്നു. 1982-83 ലെ സംസ്ഥാന സർക്കാരിന്റെ ജി.വി രാജ പുരസ്കാരം ലളിതക്കും ലഭിച്ചു.
1984 ൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ആറാം ദേശീയ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കരുത്തരായ ബംഗാൾ ടീമിനെ സമനിലയിൽ പിടിച്ച് നിർത്താൻ കേരള ടീമിന് കഴിഞ്ഞത് ഷാജി സി ഉമ്മന്റെ പരിശീലന മികവിലായിരുന്നു. അന്ന് കേരളത്തെയും ബംഗാളിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.
ജയത്തിന്റെ ഭാഗമായി കേരള സർക്കാർ ടീമിലെ എല്ലാ കളിക്കാർക്കും സർക്കാറിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ ജോലി നൽകി ആദരിച്ചു. ആദ്യമായി സ്പോർട്സ് ക്വാട്ട നിയമനം നടക്കുന്നതും ഇതിലൂടെയായിരുന്നു. അയോണ, മേരി, അച്ചാമ്മ മൊറൈസ്, ടിങ്കി, നിഷ, ഉഷ, സജിത, സൂന, വിനോദിനി, ത്രേസ്യമ്മ, ഏലിയാമ്മ, ജി.ജി. പൗലോസ്, ഓമനകൃഷ്ണൻ, ജയശ്രീ എന്നിവർക്കായിരുന്നു ജോലി ലഭിച്ചത്.
പിന്നേട് അദ്ദേഹം കേരള വനിത ഫുട്ബാള് അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു, കേരള സംസ്ഥാന പോലീസ് ഫുട്ബാൾ ടീം രൂപവത്കരണത്തിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹം പിന്നേട് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരള ഫുട്ബാളിനും വനിത ഫുട്ബാളിനും നികത്താനാകാത്ത വിടവാണെന്ന് മുൻ ഇന്ത്യൻ ഫുട്ബാൾ താരം എൽ.ലളിത ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.