നികേഷ് സി.പി.എം ചിഹ്നത്തില്‍; പ്രചാരണത്തിന്‍െറ ചുക്കാന്‍ വി.എസിനും പിണറായിക്കും

തിരുവനന്തപുരം: എം.വി. നികേഷ്കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കും. സി.പി.എം സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി  പ്രചാരണത്തിന്‍െറ ചുക്കാന്‍ പിടിക്കുക വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമായിരിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെയും പ്രചാരണത്തിന് എത്തിക്കും. സീറ്റിന്‍െറ പേരില്‍ യു.ഡി.എഫ് വിട്ട ജോണി നെല്ലൂരിനെ പിന്തുണക്കേണ്ടെന്നും  തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സി.പി.എം തീരുമാനിച്ചു.

നേരത്തേ നികേഷിനെ സി.പി.എം സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് കണ്ണൂര്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍  തീരുമാനിച്ചത്. എന്നാല്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതിരിക്കുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ ജില്ലാ സെക്രട്ടേറിയറ്റ് എത്തുകയായിരുന്നു. പ്രചാരണം ആരംഭിച്ച നികേഷിന് മണ്ഡലത്തില്‍ സ്വീകാര്യത കിട്ടിയതായും വിലയിരുത്തിയിരുന്നു.തുടര്‍ന്നാണ് പാര്‍ട്ടി ചിഹ്നത്തില്‍ നിര്‍ത്താനുള്ള തീരുമാനം. സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടനം ഈമാസം 16ഓടെ തുടങ്ങിയാല്‍ മതിയെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

 കരട് പ്രകടനപത്രിക സംബന്ധിച്ചും യോഗം വിലയിരുത്തി. കാര്‍ഷിക, വ്യവസായിക വളര്‍ച്ചക്കൊപ്പം സുസ്ഥിരവികസനം ലക്ഷ്യമിടുന്നതാണ് പ്രകടനപത്രിക എന്നാണ് സൂചന. അതേസമയം, ഫോര്‍വേഡ് ബ്ളോക് അഖിലേന്ത്യ സെക്രട്ടറി ജി. ദേവരാജന്‍െറ നേതൃത്വത്തിലെ സംഘം തിങ്കളാഴ്ച എ.കെ.ജി സെന്‍ററില്‍ എത്തി കോടിയേരി ബാലകൃഷ്ണനെയും പിണറായി വിജയനെയും സന്ദര്‍ശിച്ചു. ഫോര്‍വേഡ് ബ്ളോക്കിനെ എല്‍.ഡി.എഫില്‍ എടുക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് മറുപടി പറയാമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.