സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: സീറ്റ് വിഭജനം ഒൗദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് നേതൃയോഗം ബുധനാഴ്ച ചേരും. രാവിലെ 11ന് ക്ളിഫ്ഹൗസിലാണ് യോഗം. സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച കാട്ടാത്തതിനാല്‍ ഘടകകക്ഷികളുടെ അധിക സീറ്റ് മോഹം നടപ്പാവില്ളെന്ന് ഏറക്കുറെ ഉറപ്പായി. ചില ചെറുകക്ഷികളുടെ സീറ്റുകള്‍ കഴിഞ്ഞതവണത്തേതിനെക്കാള്‍ കുറഞ്ഞു. കോണ്‍ഗ്രസിന്‍െറ സീറ്റ് കൂടുകയും ചെയ്തു.

 കോണ്‍ഗ്രസ് 86 സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണത്തേതുപോലെ മുസ്ലിംലീഗ് 24ഉം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ് 15ഉം സീറ്റില്‍ മത്സരിക്കും. ഒരു സീറ്റെങ്കിലും അധികം വേണമെന്ന് മാണി ഗ്രൂപ് അവസാനംവരെ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ജെ.ഡി.യു-ഏഴ്, ആര്‍.എസ്.പി-അഞ്ച്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-രണ്ട്, സി.എം.പി -ഒന്ന് എന്നിങ്ങനെയായിരിക്കും മറ്റ് കക്ഷികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍. ആറ്റിങ്ങലിനൊപ്പം അരൂര്‍ സീറ്റുകൂടി ആദ്യം ആര്‍.എസ്.പിക്ക് കോണ്‍ഗ്രസ്  വാഗ്ദാനം ചെയ്തെങ്കിലും പിന്നീട്പിന്നാക്കംപോയി.

അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചു. അരൂരിന് പകരം അവര്‍ക്കായി മാറ്റിവെച്ചത് കയ്പമംഗലമാണ്.  ഇത് സ്വീകരിക്കുക മാത്രമാണ് ആര്‍.എസ്.പിക്ക് മുന്നിലെ വഴി. ജേക്കബ് ഗ്രൂപ്പിന്  പിറവം മാത്രമാണ് നല്‍കിയത്.  തരൂര്‍ കൂടി നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണ്.  
അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജേക്കബ് ഗ്രൂപ് ചെയര്‍മാനും യു.ഡി.എഫ് ഉന്നതാധികാരസമിതി അംഗവുമായ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞതവണ മത്സരിച്ച നാല് സീറ്റുകള്‍ വെച്ചുമാറണമെന്ന ജെ.ഡി.യു ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. അവര്‍ കഴിഞ്ഞതവണ മത്സരിച്ച നാട്ടിക മണ്ഡലം മാത്രം ഏറ്റെടുത്ത കോണ്‍ഗ്രസ് പകരം അമ്പലപ്പുഴ നല്‍കി.സീറ്റ് വിഭജനം പൂര്‍ത്തീകരിക്കുന്നതിനൊപ്പം പ്രകടനപത്രിക പുറത്തിറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും യു.ഡി.എഫ് യോഗത്തില്‍ ഉണ്ടാകും.

കഴിഞ്ഞമാസം 15ന് പുറത്തിറക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് നീണ്ടതോടെ പ്രകടനപത്രിക തയാറാക്കല്‍ മന്ദഗതിയിലായി. എം.എം. ഹസനാണ് പ്രകടനപത്രിക തയാറാക്കാനുള്ള കമ്മിറ്റിയുടെ നേതൃത്വം. അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലും ഉണ്ട്. കമ്മിറ്റി അംഗമായ ജോണിനെല്ലൂര്‍ മുന്നണിവിടുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.