സി.പി.എമ്മും മദ്യലോബിയും തമ്മിൽ അവിശുദ്ധ ബന്ധം -വി.എം സുധീരൻ

തിരുവനന്തപുരം: യുഡിഎഫ് മദ്യനയം സംബന്ധിച്ച് സി.പി.എം പി.ബി അംഗം പിണറായി വിജയൻ നടത്തിയ പ്രസ്താവന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. സമൂഹ നന്മയെ അംഗീകരില്ലെന്നും മദ്യലോബിയുടെ താൽപര്യം സംരക്ഷിക്കുമെന്ന സന്ദേശമാണിതെന്ന് സുധീരൻ ആരോപിച്ചു. യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം പ്രായോഗികമല്ലെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി യു.ഡി.എഫ് നടത്തുന്ന ശ്രമങ്ങളെ തകർക്കാനാണ് എൽ.ഡി.എഫ് നീക്കം. സി.പി.എം നേതൃത്വവും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ പ്രകടമായ രൂപമാണിത്. അധികാരത്തിലേറിയാൽ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകൾ തുറക്കുമെന്ന അപ്രഖ്യാപിത ധാരണ നിലനിൽക്കുന്നു. സുപ്രീംകോടതി അംഗീകരിച്ച മദ്യനയത്തിനെതിരെ ശബ്ദമുയർത്തിയത് ബാറുടമകളും സി.പി.എമ്മുമാണ്.

മദ്യ ഉപയോഗം കൊണ്ടുള്ള കുറ്റകൃത്യങ്ങളും അപകടങ്ങളും കുറഞ്ഞിരിക്കുന്നു. ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ് കേരളത്തിന്‍റെ മദ്യനയം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം കേരളാ മോഡൽ മദ്യനയം വേണമെന്നാണ്. ബിഹാറും സമ്പൂർണ മദ്യനിരോധത്തിലേക്ക് പോകുകയാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

സുധീരന്‍റെ പ്രസ്താവനകൾ ജനങ്ങളെ പറ്റിക്കാനുള്ള ചില ജാഡകൾ മാത്രമാണെന്ന പിണറായിയുടെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെ കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. വളരെ ആത്മവിശ്വാസത്തോടെയാണ് താൻ പ്രവർത്തനം നടത്തുന്നത്. വ്യക്തികളുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ജനങ്ങളുടേത് മതിയെന്നും സുധീരൻ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.