കല്‍പറ്റ: സ്വസമുദായത്തിലെ പെണ്‍കുട്ടികളെ ഗോത്രാചാരപ്രകാരം വിവാഹം ചെയ്തതിന് പോക്സോയും 376ാം വകുപ്പുമൊക്കെ ചുമത്തി തങ്ങളെ ജയിലിലടക്കുന്നതിനെതിരെ സമൂഹം രംഗത്തുവരണമെന്ന് ആദിവാസി യുവാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് 2012ല്‍ പാസാക്കിയ പോക്സോ നിയമത്തിനിരയാകുന്നത് ആദിവാസികളെപ്പോലെയുള്ള പാര്‍ശ്വവത്കൃത ജനതയാണ്. ഈ നിയമം വന്നതോടെ ഊരുകളിലെ വിവാഹങ്ങള്‍ പോക്സോ പ്രകാരമുള്ള കുറ്റകൃത്യമായി കേസെടുത്ത് ആദിവാസി യുവാക്കളെ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ചാര്‍ത്തി കാലങ്ങളോളം ജയിലിലടക്കുകയാണ്. ആദിവാസികളുടെ വര്‍ത്തമാന സാമൂഹികാവസ്ഥ പരിഗണിക്കാതെയുള്ള പൊലീസിന്‍െറയും കോടതിയുടെയും ഇടപെടല്‍ സ്ഥിതിവിശേഷം വഷളാക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ആദിവാസി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന നിരവധി കേസുകള്‍ തേച്ചുമായ്ച്ചു കളയുമ്പോഴാണ് ആദിവാസി കല്യാണങ്ങളെ പോക്സോയില്‍പെടുത്തി ജീവപര്യന്തം ശിക്ഷിക്കുന്നത്. ചെയ്ത തെറ്റെന്തെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നു. ഇഷ്ടപ്പെടുന്ന ആളെക്കൂട്ടി സ്വന്തം വീട്ടില്‍ താമസം തുടങ്ങിയതിനാണ് തങ്ങള്‍ ഈ വിധം പീഡിപ്പിക്കപ്പെടുന്നത്. കോളനിയിലത്തെിയ പൊലീസുകാര്‍ ഒപ്പിടാനെന്നുപറഞ്ഞു കൂട്ടിക്കൊണ്ടുപോയാണ് മാസങ്ങളോളം തടങ്കലിലാക്കിയത്. ജാമ്യത്തിന് നികുതിശീട്ടുപോലും സ്വന്തമായിട്ടില്ലാത്ത ബന്ധുക്കളോട് ആധാരമോ പട്ടയശീട്ടോ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശം. അതിനാല്‍ ജാമ്യം ലഭിച്ചിട്ടും വീണ്ടും കുറെക്കാലം ജയിലില്‍ കഴിയേണ്ടിവന്നു. ദരിദ്രരും കൂലിപ്പണിക്കാരുമായ തങ്ങള്‍ക്ക് വക്കീലിനെ ഏര്‍പ്പെടുത്താനോ സഹായം ആവശ്യപ്പെടാന്‍ എവിടെപ്പോകണമെന്നോ അറിയില്ലായിരുന്നു. നീതിക്കുവേണ്ടിയുള്ള സമരത്തില്‍ പൊതുജനം അണിനിരക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഷിബു, വിനോദ്, ബിനു, ശിവദാസന്‍, അഭി എന്നിവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ആദിവാസി യുവാക്കളെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനഫലമായി ഏഴുപേരെ ജാമ്യത്തിലിറക്കാന്‍ കഴിഞ്ഞതായി ജനകീയസമിതി കണ്‍വീനര്‍ ഡോ. പി.ജി. ഹരി പറഞ്ഞു. സമരപരിപാടികളുടെ ഭാഗമായി ഏപ്രില്‍ 11ന് പോക്സോ കോടതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. സാമൂഹികപ്രവര്‍ത്തക ദയാബായി ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ അഡ്വ. പി.എ. പൗരന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മീനാ കന്ദസ്വാമി, ഡോ. ആസാദ്, സി.കെ. ശശീന്ദ്രന്‍, ഗീതാനന്ദന്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സി.എ. അജിതന്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.