തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാരുടെ സ്ഥാനാര്‍ഥിത്വം: യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷം


ശ്രീകണ്ഠപുരം (കണ്ണൂര്‍): തളിപ്പറമ്പ് മണ്ഡലം സ്ഥാനാര്‍ഥിയെചൊല്ലി യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച ഐ.ടി വ്യവസായ പ്രമുഖനും നമ്പ്യാര്‍ മഹാസഭ ചെയര്‍മാനുമായ രാജേഷ് നമ്പ്യാരെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ളെന്നാണ് മിക്ക കക്ഷികളുടെയും നിലപാട്.
പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തയാളെ പേമെന്‍റ് സീറ്റിന്‍െറ ഭാഗമായാണ് തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നാരോപിച്ച് കേരള കോണ്‍ഗ്രസ്-എമ്മിലെ ഒരുവിഭാഗവും കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും മുഴുവന്‍ നേതാക്കളും രംഗത്തുവന്നു. അദ്ദേഹത്തെ മാറ്റിയില്ളെങ്കില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മയ്യില്‍ കോണ്‍ഗ്രസ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍, രാജേഷ് നമ്പ്യാരെ അംഗീകരിക്കില്ളെന്നും ഭാവിപരിപാടികള്‍ അടുത്തദിവസം പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കെ.സി. ഗണേശന്‍, കൊളച്ചേരി ബ്ളോക് പ്രസിഡന്‍റ് പത്മനാഭന്‍ മാസ്റ്റര്‍, മയ്യില്‍ മണ്ഡലം പ്രസിഡന്‍റ് കെ.പി. ചന്ദ്രന്‍, മലപ്പട്ടം മണ്ഡലം പ്രസിഡന്‍റ് രാജീവന്‍, കൊളച്ചേരി മണ്ഡലം പ്രസിഡന്‍റ് ശിവദാസന്‍, ഇ.കെ. മധു, കേളമ്പത്തേ് നാരായണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അതിനിടെ, കഴിഞ്ഞ ദിവസം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി. മുസ്തഫയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ രാജേഷ് നമ്പ്യാരെ സ്ഥാനാര്‍ഥിയാക്കിയ നടപടി പിന്‍വലിക്കണമെന്ന കോണ്‍ഗ്രസിന്‍െറ ആവശ്യം കേരള കോണ്‍ഗ്രസ് ചെവിക്കൊണ്ടില്ല. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന വികാരം കോണ്‍ഗ്രസിലും യു.ഡി.എഫിലുമുണ്ടെന്നും പകരം മറ്റൊരാളെ തളിപ്പറമ്പില്‍ നിര്‍ത്തണമെന്നും പറഞ്ഞത്.

എന്നാല്‍, കെ.എം. മാണി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ളെന്ന് യോഗത്തില്‍ പങ്കെടുത്ത കേരള കോണ്‍ഗ്രസ് നേതാക്കളായ ജോയി കൊന്നക്കലും ജോയിസ് പുത്തന്‍പുരയും മറുപടി നല്‍കി. തങ്ങളുടെ നിലപാട് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് പ്രഫ. എ.ഡി. മുസ്തഫ വ്യക്തമാക്കി. ഇടതുപക്ഷ കോട്ടയാണെങ്കിലും തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും പ്രമുഖ നേതാക്കള്‍ ഉണ്ടെന്നതിനാല്‍ മാണി കോണ്‍ഗ്രസ് അവര്‍ക്ക് സീറ്റ് വിട്ടുനല്‍കണമായിരുന്നുവെന്നും യു.ഡി.എഫുമായി ഒരുബന്ധവുമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കരുതെന്നുമാണ് തളിപ്പറമ്പിലെയും ജില്ലയിലെയും നേതാക്കള്‍ പറഞ്ഞത്. മാണി കോണ്‍ഗ്രസിന്‍െറ സീറ്റായതിനാല്‍ ആ പാര്‍ട്ടിയില്‍പെട്ട നിരവധി നേതാക്കള്‍ ജില്ലയില്‍ മലയോരത്തുള്‍പ്പെടെയുണ്ടെങ്കിലും അവരെ പരിഗണിക്കാതെ രാജേഷ് നമ്പ്യാര്‍ക്ക് നല്‍കിയതാണ് വിവാദമായത്. കഴിഞ്ഞ ദിവസം തളിപ്പറമ്പിലും പരിസരങ്ങളിലും രാജേഷ് നമ്പ്യാര്‍ക്കെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണവുമുണ്ടായി.

അതേസമയം, പേമെന്‍റ് സീറ്റാണെന്ന ആരോപണം നിഷേധിച്ച കേരള കോണ്‍ഗ്രസ് നേതൃത്വം, രാജേഷ് നമ്പ്യാര്‍ കാലങ്ങളായി മാണി കോണ്‍ഗ്രസിന്‍െറ ആളാണെന്നും പ്രവാസി കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയായതിനാലാണ് മത്സരിപ്പിക്കുന്നതെന്നുമാണ് പറയുന്നത്. പണംകൊടുത്ത് സ്ഥാനാര്‍ഥിത്വം വാങ്ങുന്ന ചരിത്രം തന്നെപോലുള്ളവര്‍ക്കില്ളെന്നും പേമെന്‍റ് സീറ്റാണെന്ന യൂത്ത് കോണ്‍ഗ്രസ് ആരോപണം അപക്വമാണെന്നും കെ.എം. മാണിയാണ് തന്നെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും രാജേഷ് നമ്പ്യാര്‍ പറഞ്ഞു. 20 വര്‍ഷമായി മാണി കോണ്‍ഗ്രസിന്‍െറ സഹയാത്രികനാണ് താന്‍. ജില്ലാ നേതാക്കളായ പി.ടി. ജോസ്, ജോയി കൊന്നക്കല്‍, ജോയിസ് പുത്തന്‍പുര തുടങ്ങിയവരുമായി നല്ല ബന്ധമാണുള്ളതെന്നും ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരരംഗത്ത് താന്‍ ഉണ്ടാവുമെന്നും ഉടന്‍ പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.