മാണിയുടെ ഹരജി: മുഴച്ചുനിന്നത് കോടതിയുടെ അതൃപ്തി

കൊച്ചി: വിജിലന്‍സ് കോടതിയുടെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി തടയണമെന്ന കെ.എം. മാണിയുടെ ഹരജി പരിഗണിക്കവേ സര്‍ക്കാറിന്‍െറയും അന്വേഷണസംഘത്തിന്‍െറയും നടപടികളില്‍ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. ബാര്‍ കോഴക്കേസ് അന്വേഷണത്തിലെ വീഴ്ചകളും സുകേശനെതിരെ കേസെടുത്തതിന് മതിയായ തെളിവുകള്‍ ഹാജരാക്കാതിരുന്നതുമാണ് ജസ്റ്റിസ് പി. ഡി. രാജന്‍െറ രൂക്ഷവിമര്‍ശത്തിനിടയാക്കിയത്. സുകേശനെതിരെ കേസിന് തെളിവെന്ന നിലയില്‍ ഹാജരാക്കിയ സീഡിയുടെ ആധികാരികത സംബന്ധിച്ചാണ് കോടതി ശക്തമായ രീതിയില്‍ വിമര്‍ശമുന്നയിച്ചത്.

സീഡിയുടെ ആധികാരികത പരിശോധിച്ചോയെന്നും തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ സീഡികള്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട ഇന്‍സ്ക്രിപ്റ്റ്, ഡിസ്ക്രിപ്റ്റ്, ഹാഷ് വാല്യു എന്നിവ നോക്കാനാവുമോയെന്നും കോടതി ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു സീഡി ഹാജരാക്കി ഇലക്ട്രോണിക് വിവരങ്ങള്‍ വിശകലനം ചെയ്യാതെ തെളിവുണ്ടെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മന്ത്രിക്കെതിരെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന വാദം അംഗീകരിക്കാനാവാത്തതാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് നീക്കംചെയ്യുകയാണ് വേണ്ടത്. അത് സര്‍ക്കാര്‍ ചെയ്യാത്തതെന്തെന്നും കോടതി ചോദിച്ചു.

അന്വേഷണ ഘട്ടത്തില്‍ ശേഖരിച്ച തെളിവാണിതെന്നായിരുന്നു സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ മറുപടി. സുകേശനെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോള്‍ ഈ കാര്യം വ്യക്തമാക്കാന്‍ പറ്റുന്ന ഘട്ടത്തിലല്ളെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍െറ പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഏതെല്ലാം രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്  അന്വേഷണമെന്ന് വ്യക്തമല്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുകേശനെതിരെ കണ്ടത്തെിയ തെളിവുകള്‍ വ്യക്തമാക്കാനും സര്‍ക്കാറിന് കഴിയുന്നില്ല. എപ്പോള്‍, എവിടെവെച്ച് ഗൂഢാലോചന നടന്നുവെന്നുപോലും പറയാന്‍ കഴിയുന്നില്ല. മന്ത്രിക്കെതിരെ ഗൂഢാലോചന നടത്താന്‍ ഉദ്യോഗസ്ഥനുണ്ടായ പ്രകോപനവും അതില്‍നിന്ന് അദ്ദേഹത്തിനുണ്ടാകാവുന്ന നേട്ടവുമെന്തെന്ന് വ്യക്തമല്ല. ബിജു രമേശിന്‍െറ തിരുവനന്തപുരത്തെ കെട്ടിടത്തിന്‍െറ ഒരുഭാഗം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിന്‍െറ പകപോക്കാന്‍ ബിജുവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു മാണിയുടെ അഭിഭാഷകന്‍ ജോര്‍ജ് പുതിയേടത്തിന്‍െറ മറുപടി.

കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമല്ല വിജിലന്‍സ് നടത്തിയത്. അതിനാല്‍ കെ.എം. മാണിക്കെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണം പ്രഹസനമാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. മാണിക്കെതിരെ നടന്ന അന്വേഷണം മൊബൈല്‍ ടവറുകള്‍ മാത്രം കേന്ദ്രീകരിച്ചാണെന്ന് വേണം കരുതാന്‍. ശാസ്ത്രീയ തെളിവെടുപ്പ് കേസില്‍ നടന്നിട്ടില്ല.സര്‍ക്കാറിന് കീഴിലുള്ള വിജിലന്‍സ്, മന്ത്രിയായിരുന്ന മാണിക്കെതിരെ കളവായി കേസെടുക്കുന്നുവെന്ന് കരുതാനാവില്ല. സുകേശനെതിരെ നടക്കുന്ന അന്വേഷണം പുകമറ സൃഷ്ടിക്കാനാണെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.