ഏറ്റുമുട്ടലിന്‍റെ അഞ്ച് ഗവർണർ വർഷങ്ങൾക്കൊടുവിൽ സ്ഥാനചലനം; ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ

തിരുവനന്തപുരം: ഭരണതലത്തിൽ സർക്കാറിനോടും നടുറോഡിൽ മുഖ്യഭരണകക്ഷിയുടെ വിദ്യാർഥി വിഭാഗവുമായും ഏറ്റുമുട്ടിയാണ് അഞ്ച് വർഷത്തിലേറെ നീണ്ട കാലയളവ് പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. പതിവ് ഗവർണർമാരിൽ നിന്ന് വ്യത്യസ്തമായി പരിപാടികൾക്കെല്ലാം ഓടിനടന്ന് ജനകീയതയുടെ മുഖമണിയാനും സാധ്യമായിടങ്ങളിലെല്ലാം സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റാനും ആരിഫ് മറന്നില്ല. സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ 14 സർവകലാശാലകൾക്ക് സ്ഥിരം വൈസ്-ചാൻസലർമാരില്ലാത്ത സാഹചര്യവും ആരിഫ് സൃഷ്ടിച്ചുവെച്ചു.

ചുമതലയേറ്റതിന് പിന്നാലെ, പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വെടിപൊട്ടിച്ചാണ് ആരിഫ് കേരളയാത്ര തുടങ്ങിയത്. ഇതിൽ പിന്നീട് സർക്കാറുമായി അനുനയം. എന്നാൽ, തുടർന്നുള്ള ഇടവേളകളിലെല്ലാം സർക്കാറുമായി ഗവർണർ ഏറ്റുമുട്ടി. ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിനുള്ള ‘പ്ലഷർ’ പിൻവലിക്കുന്ന അപൂർവ നടപടിയും രാജ്ഭവനിൽ നിന്നുണ്ടായി. സർക്കാറുമായുള്ള ഏറ്റുമുട്ടൽ പാരമ്യതയിലെത്തിയതോടെയാണ് കണ്ണൂർ, കാലടി സർവകലാശാല വി.സിമാർക്ക് പദവി നഷ്ടമായത്.

കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ സംഘ്പരിവാർ നോമിനികളെ കയറ്റിയത് വൻ വിവാദമായി. സർവകലാശാലകളിൽ ഗവർണർ ഇറങ്ങിക്കളി തുടങ്ങിയതിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നു. നിലമേലിൽ നടുറോഡിലിറങ്ങി പ്രതിഷേധിച്ച ഗവർണർ തിരുവനന്തപുരത്തും സമാന രംഗമൊരുക്കി. ഒടുവിൽ സി.ആർ.പി.എഫ് സുരക്ഷ വാങ്ങുന്ന ആദ്യ ഗവർണറുമായി ആരിഫ് മുഹമ്മദ്ഖാൻ.

രാജ്ഭവനിൽ പുതിയ നിയമനങ്ങൾ നടത്താനുള്ള നിർദേശത്തിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ കുറിപ്പെഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റിയപ്പോഴാണ് ഗവർണർ അയഞ്ഞത്. സർക്കാറുമായുള്ള പിണക്കത്തിൽ പലതവണ നയപ്രഖ്യാപന പ്രസംഗം തുടക്കവും ഒടുക്കവും വായിച്ച് ഗവർണർ മടങ്ങി. മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ മുഖം കൊടുക്കാത്ത പരിപാടികളും ഏറെയുണ്ടായി. ഗവർണർ രാജ്ഭവനിലൊരുക്കുന്ന വിരുന്നുകളും ചായസൽക്കാരങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ ബഹിഷ്കരിച്ചു.

സർവകലാശാല പ്രശ്നങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദുവുമായും ഗവർണർ പലതവണ ഏറ്റുമുട്ടി. തെരുവിൽ തടഞ്ഞ എസ്.എഫ്.ഐക്കാരെ ക്രിമിനലുകളെന്നും ഗുണ്ടകൾ എന്നുമായിരുന്നു ഗവർണർ വിളിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ കോഴിക്കോട് മിഠായി തെരുവിലിറങ്ങി നടന്നായിരുന്നു ഗവർണറുടെ മറുപടി. സർക്കാറിനെതിരെ രാജ്ഭവനിൽ ഗവർണർ വാർത്തസമ്മേളനം നടത്തുന്ന അപൂർവ സാഹചര്യവുമുണ്ടായി. ഇതിന് മറുപടിയായി മുഖ്യമന്ത്രിയും വാർത്തസമ്മേളനം നടത്തി. പൊതുജനങ്ങൾക്ക് മുന്നിൽ പൊതുവെ തുറക്കാത്ത രാജ്ഭവനിൽ സന്ദർശകർക്കും പരാതിക്കാർക്കും കയറിവരാൻ അവസരമൊരുക്കിയതും ആരിഫ് മുഹമ്മദ്ഖാനായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഏറെനാൾ തടഞ്ഞുവെച്ചു. സർക്കാർ സുപ്രീംകോടതിയിലെത്തിയപ്പോൾ പല ബില്ലുകളും രാഷ്ട്രപതിക്ക് റഫർ ചെയ്തായിരുന്നു പ്രതികാരം.

Tags:    
News Summary - Arif Mohammad Khan appointed new Bihar Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.