ജാതിപ്പക: പിരിച്ചുവിട്ട ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു

തൃശൂര്‍: പിന്നാക്ക വിഭാഗത്തില്‍പെട്ടയാളെ നിര്‍മാല്യ ദര്‍ശനത്തിന് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിലുള്ള വിരോധം മൂലം ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന് ആരോപിച്ച്  ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ മരണം വരെ നിരാഹാരസമരത്തിന്. തകില്‍ വായനക്കാരനായ താല്‍ക്കാലിക ജീവനക്കാരന്‍ പഴയന്നൂര്‍ തെക്കത്തേറ വി. രാഹുലാണ് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ക്ഷേത്രപരിസരത്ത് നിരാഹാരം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 2012ല്‍ ക്ഷേത്രത്തില്‍ തകില്‍ വായനക്കാരനായി പ്രവേശിച്ച തന്നെ കാരണം പറയാതെയാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് രാഹുല്‍ പറഞ്ഞു.  ഭരണസമിതിയിലെ മുന്‍ അംഗം രാജുവും ഇപ്പോഴത്തെ അംഗം അഡ്വ. സുരേശനുമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ ആരോപിച്ചു.
 മുന്‍ മന്ത്രി കെ.കെ. ബാലകൃഷ്ണന്‍െറ മകനും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ കെ.ബി. ശശികുമാറിന് നിര്‍മാല്യം തൊഴാന്‍ സൗകര്യം ചെയ്തു കൊടുത്തതാണ് രാജുവിനെയും സുരേശനെയും പ്രകോപിപ്പിച്ചതത്രേ. നായര്‍ സമുദായംഗമായ താന്‍ ഒരു പിന്നാക്ക സമുദായക്കാരനെ പ്രവേശിപ്പിക്കാന്‍ സഹായിച്ചത് വെച്ചുപൊറുപ്പിക്കാനാവില്ളെന്നാണ് ഇരുവരുടെയും വാദമത്രേ.  വി.എം. ഗോപാലമേനോന്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി വന്നപ്പോള്‍ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ തന്‍െറ ഭാഗത്ത് ശരിയുണ്ടെന്ന് ബോധ്യപ്പെട്ട അദ്ദേഹം നാലുമാസം മുമ്പ് ജോലിയില്‍ തിരിച്ചെടുത്തു. അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ  പുതിയ ഭരണസമിതി വീണ്ടും തന്നെ പുറത്താക്കി. നാലുമാസമായി ശമ്പളം നല്‍കിയില്ല.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഒരു വിഭാഗം അംഗങ്ങള്‍ കടുത്ത ജാതീയത കൊണ്ടുനടക്കുന്നവരാണെന്നും ഇതില്‍ എതിര്‍പ്പുള്ള പലരുമുണ്ടെങ്കിലും ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് പുറത്തു പറയാത്തതാണെന്നും രാഹുല്‍ പറഞ്ഞു. തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം അയച്ചിട്ടുണ്ടെന്നും അനുകൂല നടപടിയുണ്ടായില്ളെങ്കില്‍ മരണം വരെ നിരാഹാരം തുടരുമെന്നും രാഹുല്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.