കൊല്ലം: എപ്പോള്‍ വേണമെങ്കിലും ഒരു ആംബുലന്‍സിന്‍െറ സൈറണ്‍ മുഴക്കത്തില്‍ മുറിഞ്ഞുപോകാവുന്ന നിശ്ശബ്ദതയേ പ്രതീക്ഷിക്കാനാവൂ, ആശുപത്രിയുടെ സാധാരണ രാത്രിനേരങ്ങളില്‍. ഞായറാഴ്ചയുടെ പുലര്‍ച്ചയെയും ആ നിശ്ശബ്ദത ഭഞ്ജിച്ചു. പരവൂര്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ദുരന്തത്തിന്‍െറ ആദ്യ സന്ദേശം മെഡിസിറ്റിയില്‍ ലഭിച്ച് നിമിഷങ്ങള്‍ക്കകം ആശുപത്രിയിലത്തെിയ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഫൈസലും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നൈജു അജുമുദ്ദീനും ആ ഓര്‍മകളിലൂടെ...
പുലര്‍ച്ചെ ആയിരുന്നതിനാല്‍ നിശ്ശബ്ദതയുടെ മയക്കത്തിലായിരുന്നു എമര്‍ജന്‍സി വിഭാഗം. ആ ഒരൊറ്റ ഫോണ്‍ കോളില്‍ എല്ലാം മാറിമറിഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആശുപത്രിയിലേക്കുള്ള വഴിയിലൂടെ സൈറണും ഹോണും മുഴക്കി വാഹനങ്ങള്‍ വന്നുതുടങ്ങി. ആംബുലന്‍സുകള്‍, ലോറികള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍...എമര്‍ജന്‍സി വിഭാഗവും വാര്‍ഡുകളും നിറഞ്ഞപ്പോള്‍ ഇടനാഴിയിലും വരാന്തയില്‍പോലും പരിക്കേറ്റവരെ കിടത്തി. പൊള്ളലേറ്റവരും പരിക്കേറ്റവും മൃതദേഹങ്ങളും ഒരുമിച്ച്. പൊള്ളലും പരിക്കും അടിയന്തരസ്ഥിതിയും വിലയിരുത്തി ഓരോരുത്തരെയും വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് മാറ്റി. എല്ലാ വിഭാഗത്തിലെയും ഡോക്ടര്‍മാരെ അടിയന്തര സന്ദേശമയച്ച് ആശുപത്രിയിലേക്ക് വിളിപ്പിച്ചു.
ശസ്ത്രക്രിയാമുറികള്‍ ഉണര്‍ന്നു. ഏഴരയായതോടെ വിവരമറിഞ്ഞത്തെുന്ന ബന്ധുക്കളുടെ നിലവിളിയില്‍ പരിസരം മുങ്ങി. നിരനിരയായി കിടക്കുന്നവര്‍ക്കിടയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോ എന്ന വേവലാതിയോടെയും ഒരിക്കലും അത് സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെയും ഓടിനടന്ന് തിരയുന്നവര്‍... അതിനിടെ, 90 ശതമാനത്തിലധികം പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അപകടത്തില്‍പെട്ട ഏറ്റവും അധികം ആളുകളെ എത്തിച്ചത് മെഡിസിറ്റിയിലേക്ക് ആയിരുന്നു- 86 പേരെ. ഇവരില്‍ 13 പേരുടെ ജീവന്‍ അപകടസ്ഥലത്തുവെച്ചുതന്നെ നഷ്ടപ്പെട്ടിരുന്നു. രഘു (കട്ടപ്പന), അഭി ആന്‍റണി (മയ്യനാട്), ബിനു വി. (നീരാവില്‍), ബെന്‍സി, സുഗതന്‍, നിര്‍മല്‍ (പരവൂര്‍), ശരണ്‍ (ഓയൂര്‍), ബാലാനന്ദ് (ഉളിയക്കോവില്‍), അരുണ്‍ (പരവൂര്‍) തങ്കപ്പന്‍ (ആറ്റിങ്ങല്‍) തുടങ്ങിയവരാണ് ഇവിടെ എത്തിക്കുമ്പോള്‍ മരിച്ചിരുന്നത്.
തിരിച്ചറിയാത്ത മൂന്നുപേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊലിച്ച് അബോധാവസ്ഥയിലായിരുന്നിട്ടും കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച നിലയില്‍ കൊണ്ടുവന്ന യുവാവിന്‍െറ കാഴ്ച ഹൃദയഭേദകമായിരുന്നു. അപകടസ്ഥലത്ത് ഭാര്യ മരിച്ചതറിയാതെ, സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ തെറിച്ചുവീണ് ബോധം മറഞ്ഞിട്ടും കുഞ്ഞിനെ കൈവിടാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുകയായിരുന്നു അയാള്‍. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മീനാ ആശോകിന്‍െറ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. ചീഫ് എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. സജി, എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. ബിലാല്‍, ചീഫ് ഇന്‍റന്‍സിവിസ്റ്റ് ഡോ. തെജു, ന്യൂറോ സര്‍ജന്‍ ഡോ. നൗഷാദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.