കോഴിക്കോട്: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ ഓർമകളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മൻമോഹൻ സിങ് എന്ന മനുഷ്യനെ തനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്റെയും ആഴത്തിന്റെയും പേരിലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
എങ്ങനെയൊക്കെയാവും ഈ രാജ്യത്ത് ഓരോ മനുഷ്യരും ശ്രീ മൻമോഹൻ സിങ്ങിനെ ഓർത്തെടുക്കുക? ചിലരുടെ മനസ്സിൽ രാജ്യത്തിന്റെ സാമ്പത്തിക ഉയർത്തെഴുന്നേല്പിന്റെ കാരണക്കാരൻ എന്ന സ്ഥാനം ആകും. അടിസ്ഥാന ജന വിഭാഗങ്ങൾക്കിടയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിലാകും അദ്ദേഹം ഓർമ്മിക്കപ്പെടുക.
വിവരാവകാശ നിയമത്തിന്റെയും വനവകാശ നിയമത്തിന്റെയും ഒക്കെ പേരിൽ അറിയപ്പെടുന്ന മൻമോഹൻ സിങ് എന്ന മനുഷ്യനെ എനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്റെയും ആഴത്തിന്റെയും പേരിലാണ്.
“organised loot , legalised plunder “ എന്നീ ചെറിയ വാക്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ ഒരു ഭരണദുരന്തത്തെയാണ് അദ്ദേഹം കൃത്യമായി ജനങ്ങളോട് സംവദിച്ചത്. ‘When Manmohan Singh speaks, world listens’ എന്ന് അമേരിക്കൻ രാഷ്ട്രപതിയായിരുന്ന ബറാക്ക് ഒബാമ പറഞ്ഞത് എത്രയോ വാസ്തവമാണ്.
വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹി എയിംസിലായിരുന്നു മൻമോഹൻ സിങ്ങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളായിരുന്നു. 1991-96 കാലയളവിൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‍കാരങ്ങൾക്ക് തുടക്കംകുറിച്ചത്.
സോഷ്യലിസ്റ്റ് പാത പിന്തുടർന്നിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ 90കളിലെ ഉദാരീകരണ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം മൻമോഹൻ സിങ്ങിന്റേതായിരുന്നു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ധനകാര്യ വിദഗ്ധനിൽനിന്ന് രാജ്യത്തിന്റെ 13-ാം പ്രധാനമന്ത്രിപദത്തിലേക്ക് നിയോഗിക്കപ്പെട്ടയാൾ എന്ന നിലയിൽ മൻമോഹൻ സിങ്ങിന്‍റെ ജീവിതം ചരിത്രമാണ്.
സാമ്പത്തിക ശാസ്ത്രജ്ഞനായ ആദ്യത്തെ പ്രധാനമന്ത്രി എന്ന സവിശേഷതയും അദ്ദേഹത്തിനു സ്വന്തം. 1998 -2004 കാലയളവിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.