കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടമുണ്ടായ സ്ഥലവും ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. കലക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന് പൊലീസ് എങ്ങനെ അനുവാദം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് ജില്ലാ ആശുപത്രി സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
വെടിക്കെട്ടപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് അതിനനുസൃതമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം ഞെട്ടലുളവാക്കുന്നതാണ്. മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. മരിച്ചവരുടെയും ഗുരുതര പരിക്കേറ്റവരുടെയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്. വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ രക്ഷിക്കാന്‍ എല്ലാവിധ ഇടപെടലും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണം -അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ഗുരുദാസന്‍, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.