വെടിക്കെട്ടപകടം: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം- ഹൈകോടതി

കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാറിനോട് ഹൈകോടതി ഉത്തരവിട്ടു. കേസിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.ചിദംബരേഷ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കവേയാണ് ഡിവിഷന്‍ബെഞ്ച് പൊലീസ് കമീഷണറോട് ഇക്കാര്യം ചോദിച്ചത്. 

വെടിക്കെട്ട് എന്ത് കൊണ്ട് പൊലീസ് തടഞ്ഞില്ല എന്ന് കോടതി ചോദിച്ചു.വെടിക്കെട്ടിന് അനുമതി നൽകാത്ത കലക്ടറുടെ തീരുമാനത്തെ ആരോ അട്ടിമറിച്ചു എന്നുവേണം കരുതാൻ. ഇത്രയും വലിയ വെടിക്കെട്ട് അനധികൃതമായി നടത്തുന്നത് തടയാൻ പൊലീസിനായില്ല. ഒരു പൊലീസ് കോൺസ്റ്റബ്ൾ വിചാരിച്ചാലും വെടിക്കെട്ട് തടയാൻ കഴിയുമായിരുന്നു. ഇത്രയും ലോഡ് കരിമരുന്നുകൾ പ്രദേശത്തെത്തിയിട്ടും പൊലീസിന് യാതൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

വെടിക്കെട്ടിന് എത്ര കിലോ അളവിൽ വെടിമരുന്നുകൾ എത്തിച്ചിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കൊല്ലം പൊലീസ് കമീഷണർ പ്രകാശ് മൗനം പാലിച്ചു. വ്യക്തമായ ഉത്തരം വേണമെന്ന് കോടതി കമീഷണറോട് ആവശ്യപ്പെട്ടു. നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതു നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് കോടതി കുറ്റപ്പെടുത്തി. 

വെടിക്കെട്ട് നടത്തിയതിൽ കടുത്ത നിയമ ലംഘനമുണ്ടായെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും ഏഴ് പ്രധാന ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സംഭവത്തിൽ തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നതായി കേന്ദ്രം  കോടതിയിൽ അറിയിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന  ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി ഹരജിയില്‍ വാദം കേള്‍ക്കുന്നത്. ഉഗ്രസ്ഫോടനമുണ്ടാക്കുന്ന അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയവ നിരോധിക്കണമെന്നാണ് ജസ്റ്റിസ്  വി.ചിദംബരേഷ് രജിസ്ട്രാര്‍ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടത്. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.