കുറഞ്ഞ വിലയ്ക്ക് ഭക്ഷണം പദ്ധതി  നടപ്പാക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രിക

തിരുവനന്തപുരം: തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ നടപ്പാക്കിയ മാതൃകയില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി കേരളത്തിലും ആവിഷ്കരിക്കുമെന്ന് യു.ഡി.എഫ് വാഗ്ദാനം. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കിയാണ് പ്രകടനപത്രിക തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കഴിഞ്ഞ യു.ഡി.എഫ് യോഗം പ്രകടനപത്രികയുടെ കരടിന് അംഗീകാരം നല്‍കിയിരുന്നു. ഈ മാസം 20ഓടെ പത്രിക പുറത്തിറക്കാനാണ് ശ്രമം. പ്രകടനപത്രികാ സമിതി ചെയര്‍മാന്‍ എം.എം. ഹസന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മറ്റംഗങ്ങളാണ് തയാറാക്കുന്നത്.
പ്രകടനപത്രികയില്‍  കാര്‍ഷികമേഖലക്കാണ് മുന്‍ഗണന. കാര്‍ഷികോല്‍പന്നങ്ങളുടെ വില വലിയതോതില്‍ കുറഞ്ഞാല്‍ കര്‍ഷകരെ സഹായിക്കാന്‍ കഴിയുംവിധം വിലസ്ഥിരതാ പദ്ധതി നടപ്പാക്കും. വിലത്തകര്‍ച്ചമൂലം റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രത്തില്‍നിന്ന് ആയിരംകോടി രൂപ ആവശ്യപ്പെടും. പൊതുവിപണയില്‍ വില ഉയര്‍ത്താന്‍ റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആയിരത്തിലേറെ സഹകരണ സ്ഥാപനങ്ങള്‍ വഴി റബര്‍ സംഭരണം ആരംഭിക്കും. ഇതേ മാതൃകയില്‍ ഏലം കര്‍ഷകര്‍ക്കും വിലസ്ഥിരതാ പദ്ധതി നടപ്പാക്കും. ഏത് കാര്‍ഷികോല്‍പന്നമായാലും നിശ്ചിത വിലയില്‍നിന്ന് താഴേക്ക് പോയാല്‍ വിലസ്ഥിരതാ പദ്ധതി നടപ്പാക്കും. 
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി സബ്സിഡിയും സംഭരണ- വിതരണ കേന്ദ്രങ്ങളും ആരംഭിക്കും. ജൈവ പച്ചക്കറികളുടെ സംഭരണത്തിനും വിതരണത്തിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. പഴം, പച്ചക്കറി എന്നിവയുടെ സംസ്കരണത്തിന് എല്ലാ പഞ്ചായത്തിലും സംവിധാനമൊരുക്കും. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍  നടപടി സ്വീകരിക്കും. കാര്‍ഷികമേഖലയില്‍ പലിശരഹിത വായ്പ നല്‍കുമെന്നും വാഗ്ദാനമുണ്ട്.പരിസ്ഥിതി സംരക്ഷണത്തിന് പാക്കേജ് കൊണ്ടുവരുമെന്ന വാഗ്ദാനവും ഉള്‍പ്പെടുത്തും. കാര്‍ഷിക-വിഭ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്സിഡി നടപ്പാക്കും. മൃഗസംരക്ഷണത്തിനും പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന വാഗ്ദാനവും പ്രകടനപത്രികയിലുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.