അഞ്ച് വര്‍ഷത്തിനിടെ  ജയിലുകളില്‍ മരിച്ചത് 200 പേര്‍

കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്തെ ജയിലുകളില്‍ മരിച്ചത് 200 തടവുകാര്‍. വിവരാവകാശ നിയമ പ്രകാരം ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ വിവരം. 79 തടവുകാരുടേത് അസ്വാഭാവിക മരണവും 121 പേരുടേത് സ്വഭാവികമരണവുമാണ്.
2011 ഏപ്രില്‍ മുതല്‍ 2015 ഡിസംബര്‍ വരെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് 200 തടവുകാര്‍ മരിച്ചത്. 56 റിമാന്‍ഡ് പ്രതികളും 37 ശിക്ഷിക്കപ്പെട്ട പ്രതികളും ഇവരില്‍ ഉള്‍പ്പെടും. റിമാന്‍ഡ് പ്രതികളും ശിക്ഷിക്കപ്പെട്ട പ്രതികളും ഉള്‍പ്പെടെ 93 തടവുകാര്‍ മരിച്ചതില്‍ നഷ്ടപരിഹാരം ലഭിച്ചത് 17 പ്രതികളുടെ ആശ്രിതര്‍ക്ക് മാത്രമാണ്. 
ആലപ്പുഴ സ്പെഷല്‍ സബ് ജയിലില്‍ മരിച്ച ഗുരുദാസിന്‍െറ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചതാണ് ഏറ്റവും കൂടിയ തുക. ഏറ്റവും കുറവ് നഷ്ടപരിഹാരം ലഭിച്ചത് തിരുവന്തപുരം സെന്‍ട്രല്‍, ജില്ലാ ജയിലുകളില്‍ മരിച്ച ഉണ്ണികൃഷ്ണപിള്ളയുടെയും (60,000 രൂപ), ശശിയുടെയും (50,000 രൂപ) കുടുംബങ്ങള്‍ക്കാണ്. 
മൂന്ന് സെന്‍ട്രല്‍ ജയിലുകളടക്കം സംസ്ഥാനത്ത് 52 ജയിലുകളാണുള്ളത്. ജയിലില്‍ തടവുകാര്‍ക്ക് മതിയായ ചികിത്സാ സൗകര്യവും ലഭിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ആഴ്ചയിലൊരിക്കല്‍ ജയില്‍ സന്ദര്‍ശിക്കുന്ന ഡോക്ടര്‍ രോഗിയെ വിദഗ്ധ ചികിത്സക്ക് പുറത്തേക്കുകൊണ്ടുപോകാന്‍ ആവശ്യപ്പെട്ടാല്‍ പോലും വിവിധ കാരണങ്ങള്‍ പറഞ്ഞ് തടയുന്നതാണ് ജയിലില്‍ സ്വാഭാവികമരണം കൂടാന്‍ കാരണമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. 
ജയിലുകളില്‍ ആശുപത്രി സൗകര്യമുള്ളത് നാലെണ്ണത്തില്‍ മാത്രമാണ്. നാല് ജയില്‍ ആശുപത്രികളിലും രോഗനിര്‍ണയത്തിനോ ചികിത്സിക്കാനോ സൗകര്യങ്ങളില്ല. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മരിച്ച 77 തടവുകാരില്‍ 47 പേരും  നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങി പെട്ടെന്നുണ്ടായ അസുഖങ്ങള്‍ മൂലമാണ്. ചികിത്സാ സൗകര്യമില്ലാത്തതാണ് എല്ലാ ജയിലുകളിലും മരണം സംഭവിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.