പാലക്കാട്ടെ എല്ലാ നാടകങ്ങള്‍ക്കും പിന്നില്‍ മന്ത്രിയും അളിയനുമെന്ന് വി.ഡി. സതീശൻ

പാലക്കാട് : പാലക്കാട്ടെ എല്ലാ നാടകങ്ങള്‍ക്കും പിന്നില്‍ മന്ത്രിയും അളിയനുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഇരട്ട വോട്ടുകളുണ്ടെന്നത് സത്യമാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വോട്ട് ചേര്‍ത്തത് എം.പിയാണ് വെളിപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാർഥി ചേര്‍ത്തതും വ്യാജ വോട്ടാണ്. വോട്ട് ചേര്‍ക്കുന്നതിനു വേണ്ടി ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റിയാണ് അദ്ദേഹത്തിന് റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ആറു മാസം താമസിച്ചാല്‍ മാത്രമെ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വ്യാജ രേഖ ചമച്ചാണ് സ്ഥാനാർഥി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബി.ജെ.പിയുടെ സഹായം ഇല്ലാതെ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. കോണ്‍ഗ്രസില്‍ സീറ്റ് ചോദിക്കുന്ന സമയത്ത് തന്നെ ബി.ജെ.പിയിലും സി.പി.എമ്മിലും പോയി സീറ്റ് ചോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റും അതു തന്നെയാണ് ചെയ്തത്. ഞങ്ങള്‍ ആരും അങ്ങനെ ചെയ്തിട്ടില്ല.

സി.പി.എം ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും പാര്‍ട്ടിക്കുള്ളില്‍ നിന്നും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ജില്ലാ സെക്രട്ടറി ഒരു പണിയും എടുത്തിട്ടില്ല. ഒരു പണിയും ചെയ്യാത്തത് മറച്ചു വെക്കുന്നതിനു വേണ്ടിയാണ് ജില്ലാ സെക്രട്ടറി വ്യാജ വോട്ടെന്ന ബഹളം ഉണ്ടാക്കുന്നത്.

അങ്ങനെയെങ്കില്‍ ആര്‍ ചേര്‍ത്ത വോട്ടുകളൊക്കെ വ്യാജമാണോ? വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു വേണ്ടി ഞങ്ങള്‍ നന്നായി പണിയെടുത്തു. നന്നായി മുന്നൊരുക്കം നടത്തിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് നേരിടുന്നത്. പുറത്തു നിന്നും ഒരു വോട്ട് പോലും ഞങ്ങള്‍ക്ക് ചേര്‍ക്കേണ്ടി വന്നിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കുറച്ചു വോട്ടുകള്‍ മാത്രമെ ചേര്‍ക്കാനായുള്ളൂ.

ഓരോ ബൂത്തുകളിലും പരിശോധന നടത്തിയാണ് യു.ഡി.എഫ് 5500 ല്‍ അധികം വോട്ട് ചേര്‍ത്തിട്ടുണ്ട്. ബി.ജെ.പിയും സി.പി.എമ്മും ചേര്‍ത്തതിന്റെ ഇരട്ടി വോട്ടുകളാണ് യു.ഡി.എഫ് ചേര്‍ത്തത്. ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് വോട്ട് ചേര്‍ത്തത്. മരിച്ചു പോയവരുടെയും വരാന്‍ സാധ്യതയില്ലാത്തവരുടെയും മറ്റു മണ്ഡലങ്ങളിലും വോട്ട് ഉള്ളവരുടെയും പേരുകള്‍ അടയാളപ്പെടുത്തി പ്രിസൈഡിങ് ഓഫീസര്‍ക്ക് ബൂത്ത് ഏജന്റുമാര്‍ കൈമാറും.

ഇത് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പാലക്കാട് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്നു മാസം പോലും ആയിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ അദ്ദേഹം താമസിച്ചിട്ടില്ല. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പോയതിനു ശേഷം പാലക്കാടുകാരനാണെന്നു കാണിക്കുന്നതിനു വേണ്ടിയാണ് വോട്ട് ചേര്‍ത്തത്. സ്ഥാനാർഥി ഇവിടെ ഇല്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് അദ്ദേഹം ഇങ്ങോട്ട് വന്നത്.

ചേലക്കരയില്‍ 6000 ത്തില്‍ അധികം വോട്ടാണ് ചേര്‍ത്തത്. അവിടെ ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാത്ത ഇലക്ഷന്‍ മാനേജ്‌മെന്റ് സിസ്റ്റം കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. തെറ്റായ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബി.എല്‍.ഒമാരുമാണ് കുറ്റവാളികള്‍. അവര്‍ക്കെതിരെ തിരഞ്ഞെടുപ്പിന് ശേഷം കേസെടുത്ത് അന്വേഷണം നടത്തണം. വോട്ട് ഉള്ള ആള്‍ ഐ.ഡി കാര്‍ഡുമായി വന്നാല്‍ വോട്ട് ചെയ്യിപ്പിക്കേണ്ടി വരും. തടയുകയാണംങ്കില്‍ ആദ്യം തടയേണ്ടത് എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ടാണ്.

യു.ഡി.എഫ് വോട്ട് ചേര്‍ത്തതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. എന്തെല്ലാം നാടകങ്ങളാണ് പാലക്കാട് നടത്തിയത്. അതില്‍ അവസാനത്തെ നാടകമാണ് 18-ന് സി.പി.എം നടത്തുന്നത്. പക്ഷെ എല്ലാം തിരിഞ്ഞുകയറും. മന്ത്രിയും അളിയനും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടുന്ന ലോബിയാണ് ഇതിനൊക്കെ പിന്നില്‍. അവരാണ് പെട്ടി കെട്ടിപ്പിടിക്കാന്‍ പറഞ്ഞത്. കൃഷ്ണദാസ് പെട്ടി ദൂരേയ്ക്ക് എറിയണമെന്ന് പറഞ്ഞത്. ഈ ജില്ലാ സെക്രട്ടറിക്കെതിരെയാണ് നൂറ് പാര്‍ട്ടി അംഗങ്ങള്‍ വെല്ലുവിളി നടത്തിയത്. 

ഇന്നലെ ഇ.പിയെ അപമാനിക്കുകയല്ലേ ചെയ്തത്. സ്ഥാനാര്‍ഥി പോലും ചിരിച്ചു പോകും. അവിടെ അനുമോദന യോഗമാണോ അനുശോചന യോഗമാണോ നടന്നതെന്ന് അറിയില്ല. ഇരുണ്ട് വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയാണെന്നു പുസ്തകത്തില്‍ പറഞ്ഞിട്ട് എല്‍.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ച് ഇ.പി ജയരാജന്‍ പാലക്കാട് പ്രസംഗിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തി വെക്കേണ്ട തമാശയാണ്. അത് നന്നായി ആസ്വദിച്ചു. ആരോ എഴുതിക്കൊടുത്തതാകും ജയരാജന്‍ അവിടെ പ്രസംഗിച്ചത്. പിണറായി കഴിഞ്ഞാല്‍ സി.പി.എമ്മിലെ ഏറ്റവും സീനിയര്‍ നേതാവാണ് ഇ.പി ജയരാജന്‍. പാര്‍ട്ടിക്കുള്ളിലെ ചില കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നുവെന്നേയുള്ളൂവെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Full View


Tags:    
News Summary - V.D. Satheesan said that the Minister will be behind all the dramas in Palakkad.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.