അഞ്ചു പേര്‍ക്ക് പുതുജീവനേകി സുജാത യാത്രയായി

കരുനാഗപ്പള്ളി: ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കവെ സ്കൂട്ടര്‍ ഇടിച്ച് മസ്തിഷ്കമരണം സംഭവിച്ച കുലശേഖരപുരം ആദിനാട് നോര്‍ത് മണ്ണൂര്‍ കിഴക്കത്തേറ കാര്‍ത്തികേയന്‍െറ ഭാര്യ സുജാത (43) നാടിന്‍െറ നൊമ്പരമായി. 13ന് വൈകീട്ട് മൂന്നോടെ ഭര്‍തൃമാതാവിനൊപ്പം കരുനാഗപ്പള്ളി ഇന്ത്യന്‍ ബാങ്കിന്‍െറ ശാഖയില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. സുജാതയുടെ തല റോഡില്‍ ശക്തമായി ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. 
വിദേശത്തുനിന്ന് നാട്ടിലത്തെിയ കാര്‍ത്തികേയനോട് ആശുപത്രി അധികൃതരും ബന്ധുക്കളും അവയവദാനത്തെപ്പറ്റി സംസാരിച്ചു. 
ഇളയ മകളായ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി അഖില കാര്‍ത്തികും അമ്മ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് അറിയിച്ചതോടെ അവയവദാനത്തിനുള്ള സമ്മതം ആശുപത്രി അധികൃതരെ അറിയിക്കുകയും ഉടന്‍തന്നെ സര്‍ക്കാറിന്‍െറ മൃതസഞ്ജീവനി പദ്ധതിയില്‍ വിവരം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ കിംസ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘം എത്തി അവയവദാനത്തിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പൂര്‍ണമായും ആരോഗ്യമുള്ള രണ്ട് വൃക്കകളില്‍ ഒന്ന് മെഡിസിറ്റിക്കും കരളും മറ്റൊരു വൃക്കയും കിംസ് ആശുപത്രിക്കും കണ്ണുകള്‍ രണ്ടും ജില്ലാ ആശുപത്രിക്കും കൈമാറി. പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ആര്യ കാര്‍ത്തിക്, അഖില കാര്‍ത്തിക്. മരുമകന്‍: സനുരാജ്. നാടകാചാര്യന്‍ ഒ. മാധവന്‍െറ സഹോദരീപുത്രിയാണ് സുജാത. പിതാവ്: ചുനക്കര തടത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ മാധവന്‍. മാതാവ്: മാധവി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.