പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വിമര്‍ശവുമായി ആരോഗ്യവകുപ്പും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തദിവസം പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശവുമായി ആരോഗ്യവകുപ്പും. വി.വി.ഐ.പി സാന്നിധ്യം ചികിത്സ തടസ്സപ്പെടുത്തിയെന്നാണ് വിമര്‍ശം. പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേര്‍ വാര്‍ഡിലേക്ക് കയറിയെന്നും അതിനാല്‍ മിക്ക ഡോക്ടര്‍മാര്‍ക്കും പുറത്തുനില്‍ക്കേണ്ടി വന്നെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞതായി ഒരു ഇംഗ്ളീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നവര്‍ നഴ്സുമാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് അരമണിക്കൂറോളം പുറത്തുനില്‍ക്കേണ്ടി വന്നു. 90 ശതമാനം പൊള്ളലേറ്റവര്‍ കിടന്നിടത്താണ് വി.വി.ഐ.പി സന്ദര്‍ശനം നടന്നത്. കൂടുതല്‍ പേര്‍ വാര്‍ഡില്‍ കയറുന്നതിനെ എതിര്‍ത്തിരുന്നതായും നിര്‍ണായക സമയത്താണ് ചികിത്സ തടസ്സപ്പെട്ടതെന്നും ഡോ. രമേശ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നേരത്തേ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ഡി.ജി.പിയും രംഗത്തുവന്നിരുന്നു.
അതേസമയം, ദുരന്തത്തില്‍ പരിക്കേറ്റ രോഗികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ചെന്ന വാര്‍ത്ത ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍. രമേശ് നിഷേധിച്ചു. തീവ്രപരിചരണ വിഭാഗത്തിലും വാര്‍ഡുകളിലും തിരക്ക് നിയന്ത്രിക്കേണ്ടിയിരുന്നു. അല്ലാതെ വി.വി.ഐ.പി സന്ദര്‍ശനത്തെ ഒരു രീതിയിലും വിമര്‍ശിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു നിലപാട് ആരോഗ്യവകുപ്പിനില്ളെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പ്രധാനമന്ത്രി വന്നതിനെ എതിര്‍ത്തിട്ടില്ല.ആളുകള്‍ കയറുന്നതിനെയാണ് എതിര്‍ത്തത്. ഡയറക്ടര്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ളെന്നും മന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.