മെത്രാന്‍ കായല്‍: ഉത്തരവിനു പിന്നില്‍ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 അട്ടിമറിച്ച്  കോട്ടയം കുമരകം മെത്രാന്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയ ഉത്തരവിനു പിന്നില്‍ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയുമെന്ന് രേഖകള്‍. മെത്രാന്‍ കായലില്‍ 378 ഏക്കര്‍ വയല്‍ നികത്താനായിരുന്നു പദ്ധതി. യു.എ.ഇ ആസ്ഥാനമായ റാക്കിന്‍ഡോ ഡെവലപ്മെന്‍റിന്‍െറ പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കി ഉത്തരവിറക്കുകയായിരുന്നു. റവന്യൂ വകുപ്പിന്‍െറ വിയോജിപ്പ് മറികടന്നാണ് ഉത്തരവിറക്കിയതെന്ന് വ്യക്തമാക്കുന്ന ഫയലുകള്‍ ‘മാധ്യമ’ത്തിന് ലഭിച്ചു.

10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും 2200 കോടി നിക്ഷേപം വരുന്നതും ടൂറിസം മേഖലക്ക് അന്താരാഷ്ട്ര തല സാന്നിധ്യം ലഭിക്കുന്നതുമായ പദ്ധതിയെന്ന നിലയിലാണ് ‘ഇക്കോടൂറിസം വില്ലേജിന്’ അനുമതി നല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിന് കോട്ടയം കലക്ടര്‍ ശിപാര്‍ശ നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

എന്നാല്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം -2008 അനുസരിച്ച് അനുമതി നല്‍കാന്‍ കഴിയില്ളെന്ന് വ്യക്തമാക്കിയിട്ടും തത്ത്വത്തില്‍ അംഗീകാരം നല്‍കാമെന്ന് ഫെബ്രുവരി 20ന് ഫയലില്‍ കുറിച്ചത് ചീഫ് സെക്രട്ടി ജിജി തോംസനാണ്.  25ന് മുഖ്യമന്ത്രി ഒപ്പുവെക്കുകയും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. നെല്‍വയല്‍ നികത്തുന്നതിന് അംഗീകാരം നല്‍കേണ്ട സംസ്ഥാന തലസമിതിയും ഫയല്‍ കണ്ടില്ല.  

കായല്‍നിലത്തില്‍ ഭൂമിയുള്ള അലക്സാണ്ടര്‍ കൃഷി ചെയ്യുന്നതിന് അപേക്ഷ നല്‍കിയപ്പോഴും കലക്ടര്‍ കമ്പനിക്ക് അനുകൂല നിലപാടാണ് എടുത്തത്. കമ്പനി സഹകരണമില്ലാതെ  നിലത്തില്‍ നെല്‍കൃഷി ചെയ്യുന്നതിന് സാഹചര്യം ഒരുക്കുന്നത് പ്രായോഗികമല്ല. കമ്പനി നെല്‍കൃഷി നടത്താന്‍ തയാറുമല്ല. മാത്രമല്ല ഉടമകളുടെ സമ്മതമില്ലാതെ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍  ഗ്രാമപഞ്ചായത്തിന് കഴിയില്ല. - കലക്ടര്‍ ചൂണ്ടിക്കാട്ടി. നെല്‍കൃഷി മൂലം പാടശേഖരത്തിലെ മറ്റു കൈവശക്കാര്‍ക്ക് തടസ്സമുണ്ടാകാന്‍ പാടില്ളെന്ന നിര്‍ദേശത്തോടെയാണ് കലക്ടര്‍  അപേക്ഷയില്‍ തീര്‍പ്പ് കല്‍പിച്ചത്. എന്നാല്‍, ഈ വാദങ്ങളെല്ലാം നിയമവിരുദ്ധമാണെന്നാണ് റവന്യൂ വകുപ്പിന്‍െറ കുറിപ്പ്.  ഇവിടെ 20 ഹെക്ടര്‍  അഞ്ചു കര്‍ഷകരുടെ ഉടമസ്ഥതയിലാണ്. പദ്ധതിക്ക് അനുമതി നല്‍കിയാല്‍ നിയമം  നോക്കുകുത്തിയാവും.

കലക്ടറാകട്ടെ കമ്പനിക്കുവേണ്ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും നിയമവും ചട്ടവുമെല്ലാ നഗ്നമായി ലംഘിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചിട്ടും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അതു മറികടന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.