പുഞ്ചക്കൊല്ലിയിലത്തെിയ മാവോവാദി  സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞു

നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലത്തെിയ മാവോവാദി സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞു. പൊലീസിന്‍െറ കൈവശമുള്ള ചിത്രത്തില്‍നിന്ന് വയനാട് സ്വദേശി സോമനെയും കര്‍ണാടക സ്വദേശി വിക്രം ഗൗഡയെയുമാണ് ആദിവാസികള്‍ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് രണ്ട് സ്ത്രീകളുള്‍പ്പെടെ സായുധരായ ആറുപേര്‍ കോളനിയിലത്തെിയത്. പാന്‍റും ഷര്‍ട്ടുമായിരുന്നു വേഷം. എല്ലാവരുടെയും കൈവശം ചെറുതും വലുതുമായ രണ്ടും മൂന്നും തോക്കുകളും തുണിസഞ്ചികളുമുണ്ടായിരുന്നു. മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കിയാണ് കോളനിയോട് ചേര്‍ന്നൊഴുകുന്ന കോരംപുഴ വഴി ഇവര്‍ കോളനിയിലത്തെിയത്. 
തങ്ങള്‍ മാവോവാദികളാണെന്നും ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അറിയിച്ച്  കോളനിയിലെ എല്ലാ വീടുകളും കയറിയിറങ്ങി. കോളനിയിലെ ഗിരിജന്‍ സൊസൈറ്റിയുടെ കെട്ടിടത്തിന് മുന്‍വശത്തെ സോളാര്‍ ലൈറ്റിന് സമീപം കോളനിക്കാരെ വിളിച്ചുകൂട്ടി ഒന്നര മണിക്കൂറിലധികം ആശയപ്രചാരണം നടത്തി. സംഘത്തിലെ ഒരാള്‍ മാത്രമാണ് മലയാളം സംസാരിച്ചിരുന്നത്. മറ്റുള്ളവരുടെ ഭാഷ തമിഴും കന്നഡയുമായിരുന്നു. മലയാളം സംസാരിച്ചത് സോമനാണെന്ന് ഫോട്ടോ കണ്ട ശേഷം കോളനിക്കാര്‍ പറഞ്ഞു.
ആദിവാസികളുടെ അവകാശങ്ങള്‍, അവരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കല്‍, കോളനിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ എന്നിവയാണ് സംഘാംഗങ്ങള്‍ ചര്‍ച്ച ചെയ്തത്. ആദിവാസികളുടെ ആനുകൂല്യം തട്ടിയെടുക്കുന്ന ഭരണവര്‍ഗത്തിന് എന്തിന് വോട്ട് ചെയ്യണമെന്ന് ചോദിച്ച അവര്‍, വോട്ട് ചെയ്യാനുള്ള അവകാശം പോലെ ബഹിഷ്കരിക്കാനുള്ള അവകാശവും ഉണ്ടെന്ന് ആഹ്വാനം ചെയ്തതായി കോളനിക്കാര്‍ പറഞ്ഞു. കോളനിയിലെ വീടുകളിലും ഗിരിജന്‍ സൊസൈറ്റി കെട്ടിടത്തിലും ഭരണകൂട ഭീകരതക്കെതിരെയുള്ളതും വോട്ട് ബഹിഷ്കരണ ആഹ്വാനമുള്ളതുമായ പോസ്റ്ററുകള്‍ പതിച്ചു. കോളനി വീടുകളില്‍നിന്ന് 75 കിലോയോളം അരിയും മറ്റു ഭക്ഷ്യസാധനങ്ങളും ശേഖരിച്ച സംഘം വീണ്ടും വരുമെന്ന് അറിയിച്ചാണ് മടങ്ങിയത്. 
ആറുപേരാണ് കോളനിയില്‍ വന്നതെങ്കിലും കോളനിക്ക് ചുറ്റും കൂടുതല്‍ പേരുണ്ടായിരുന്നതായി ആദിവാസികള്‍ പൊലീസിന് സൂചന നല്‍കി. വിവരമറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ തണ്ടര്‍ബോള്‍ട്ട് സംഘം കോളനിയിലത്തെി. മാവോവാദികള്‍ പതിച്ച പോസ്റ്ററുകള്‍ പൊലീസ് നശിപ്പിച്ചു. സമീപത്തെ അളക്കല്‍ കോളനിയിലുമത്തെി വൈകീട്ടാണ് തണ്ടര്‍ബോള്‍ട്ട് സംഘം മടങ്ങിയത്. 

ജനകീയ സര്‍ക്കാറുകളുടെ കേരളീയ മാതൃകക്ക് മാവോവാദി ആഹ്വാനം
നിലമ്പൂര്‍: മാവോവാദികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ സര്‍ക്കാറുകളുടെ കേരളീയ മാതൃക സൃഷ്ടിക്കണമെന്ന് മാവോവാദികള്‍ പുഞ്ചക്കൊല്ലി ആദിവാസി കോളനികളില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ആഹ്വാനം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലൂടെയല്ല പോരാട്ടങ്ങളിലൂടെയാണ് ജീവിതം തിരിച്ചുപിടിക്കേണ്ടത്, തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ച് പോരാട്ടങ്ങളില്‍ ഐക്യപ്പെടണം തുടങ്ങിയ കാര്യങ്ങളാണ് ലഘുലേഖയില്‍ പറയുന്നത്. നാടുകാണി ഏരിയ സമിതി സി.പി.ഐ (മാവോയിസ്റ്റ്) പേരില്‍ 2016 ഏപ്രില്‍ പത്തിന് പുറത്തിറക്കിയതാണ് ലഘുലേഖ. 
പുഞ്ചക്കൊല്ലി കോളനിയിലെ 62 വീടുകളില്‍ മിക്കതിലും ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച കോളനിയിലത്തെിയ പൊലീസ് ആദിവാസികളില്‍നിന്ന് ഇവ ശേഖരിച്ചു. 


മാവോവാദികള്‍ക്കെതിരെ പോസ്റ്ററുമായി പൊലീസ്
നിലമ്പൂര്‍: മാവോവാദികള്‍ക്കെതിരെ ആദിവാസി കോളനികളില്‍ പോസ്റ്റര്‍ പ്രചാരണവുമായി പൊലീസ്. പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ മാവോവാദികള്‍ പതിച്ച പോസ്റ്ററുകള്‍ കീറിക്കളഞ്ഞ ശേഷമാണ് അവര്‍ക്കെതിരായ പോസ്റ്ററുകള്‍ പൊലീസ് പതിച്ചത്. പൊലീസിന്‍െറ പോസ്റ്ററുകളില്‍ മാവോവാദികളുടെ ചിത്രങ്ങളുമുണ്ട്.‘ഇന്ത്യക്കാരെ ഉപയോഗിച്ച് ഇന്ത്യക്കാരെ കൊന്നൊടുക്കിയ ബ്രിട്ടീഷ് ക്രൂരത വീണ്ടുമോ?, ഈ ചോരക്കൊതിയന്‍മാരെ തിരിച്ചറിയുക’ തുടങ്ങിയ തലക്കെട്ടോടെയാണ് പൊലീസ് പോസ്റ്ററുകള്‍. ഒഡിഷയിലും മറ്റും മാവോവാദികള്‍ ഗ്രാമീണരെ തോക്കിനിരയാക്കിയ സംഭവങ്ങള്‍ പോസ്റ്ററുകളില്‍ ചിത്രസഹിതം വിവരിക്കുന്നു. ഉള്‍വനത്തിലെ എല്ലാ ആദിവാസി കോളനികളിലും പൊലീസ് പോസ്റ്ററുകള്‍ പതിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.