ആശയദൃഢതയുടെ നല്ല ഉദാഹരണമായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത്. സാഹിത്യമേഖലയിലേക്ക് സ്വയം കടന്നുവന്ന അദ്ദേഹം പാരമ്പര്യ ആണിവേരിന്റെ കരുത്തിലും സ്വപ്രയത്നത്തിന്റെ ഊന്നുകോലിലും ദൃഢമായി വിശ്വസിച്ച് ആ മേഖലയിൽ തന്റേതായ ഒരിടം സൃഷ്ടിച്ചു. വിമർശനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അത് വിട്ടുവീഴ്ച ഇല്ലാത്തതായിരുന്നു, പലപ്പോഴും നിശിതമായ നിഷേധാത്മകത്വം മുഖമുദ്രയാക്കി.
കുറച്ചുകാലമായി കാര്യമായ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തന്റെ കർമപഥത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിലും പ്രധാനപ്പെട്ട വിലപ്പെട്ട കൃതികൾ എഴുതുകയും സാഹിത്യപരിഷത്തിന്റെ ഉപാധ്യക്ഷൻ എന്ന പദവിയിൽ തന്നിൽനിന്ന് പ്രതീക്ഷിക്കപ്പെട്ടതൊക്കെ നിറവേറ്റുകയും ചെയ്തുകൊണ്ടിരുന്നു. ഏതാണ്ട് അമാനുഷമായിരുന്നു ആ കർമശേഷി.
എഴുത്തിലും ജീവിതത്തിലും അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. അത് അഹിംസയുടെ രാഷ്ട്രീയമായിരുന്നു. ഗാന്ധിസം എന്ന വിശ്വാസ സംഹിതയിൽ പാറപോലെ ഉറച്ചുനിന്നു. ജീവിതം മുഴുവൻ അതിൽനിന്ന് ഒരിക്കലും മാറാതെ സേവനമനുഷ്ഠിച്ച് കൃതാർഥത നേടി. വിമർശനത്തിൽ ലോക സാഹിത്യത്തിലേക്ക് അദ്ദേഹം ജനൽ തുറന്നുവെച്ചു. കേസരി ബാലകൃഷ്ണപിള്ളയുടെ പാതയായിരുന്നു പ്രിയം. മലയാളത്തിലേക്ക് ഒരുപാട് പൊതുവെളിച്ചം കൊണ്ടുവന്നു.
എനിക്കൊരു അനിയനായിരുന്നു, തീർത്തും വിശ്വാസ്യനും. സാഹിത്യ പരിഷത്തിന്റെ നടത്തിപ്പിൽ അദ്ദേഹത്തിന്റെ സംഭാവന തീർത്തും ശ്ലാഘനീയംതന്നെ ആയിരുന്നു. നല്ലൊരു വാഗ്മിയും സംഘാടകനും കൂടിയായിരുന്നു വടക്കേടത്ത്. തിരുവൈരാണിക്കുളത്ത് കഴിഞ്ഞമാസം സംഘടിപ്പിച്ച വെണ്മണി സാഹിത്യോത്സവത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സംഭാവനയും ഉണ്ടായി. പരിപാടികൾ തീരുമാനിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും മിടുക്കനായിരുന്നു. ശാരീരികമായ അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടായിട്ടും അദ്ദേഹം പരിപാടിക്ക് വന്നു. എന്തുമാത്രം കഷ്ടപ്പെട്ടായിരുന്നു അതെന്ന് കണ്ടവർക്ക് മാത്രമേ അറിയൂ.
കേന്ദ്ര സാഹിത്യ അക്കാദമിയിൽ അംഗമായിരുന്ന കാലത്ത് രണ്ടു ചുമതലകളും അദ്ദേഹം കൃത്യമായി നിർവഹിച്ചു. തണുപ്പ് ശരീരപ്രകൃതിക്ക് യോജിക്കാത്തതായിട്ട് പോലും ഒരു യോഗവും വിടാതെ പങ്കെടുത്തുപോന്നു. ബാലൻ പങ്കെടുത്ത അവിടത്തെ വേദികളിൽ സാഹിത്യ പരിഷത്തിന്റെ അന്തസ്സ് ഉയർത്തി, മലയാള വിമർശ്യ സാഹിത്യത്തിന്റെയും.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 96ാം വാർഷികം നവംബർ ഒന്ന്, രണ്ട് മൂന്ന് തീയതികളിൽ ആഘോഷിക്കാനിരിക്കുകയാണ്. അതിന്റെ പരിപാടികൾ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്ക് അദ്ദേഹം വഹിച്ചു. അതിൽ പങ്കെടുക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തു ചെയ്യാം, കഴിയാതെ പോയി. ആശയങ്ങളുടെ പേരിൽ പലപ്പോഴും ആളുകളോട് അൽപം മുരത്ത് സംസാരിക്കാറുണ്ടെങ്കിലും ആരോടും ഒരു കന്മഷവും മനസ്സിലുണ്ടായിരുന്നില്ല. വിദഗ്ധമായാണ് സർക്കാറിലെ തന്റെ ജോലി അദ്ദേഹം നിർവഹിച്ചത്. ആർക്കും ഒരു പരാതിയും ഒരിക്കലും ഉണ്ടായില്ല.
വിമർശന സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ പലപ്പോഴും ചിലർക്ക് വിഷമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ മലയാളസാഹിത്യത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നുവെന്നതിൽ അദ്ദേഹത്തിനോ മറ്റ് ആർക്കെങ്കിലുമൊ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇനി അങ്ങോട്ടുള്ള ചരിത്രം ഇക്കാര്യം അടിവരയിട്ടുറപ്പിക്കും എന്നതിൽ തർക്കത്തിനിടയില്ല. സ്നേഹമുള്ള ആ അനിയന് ഒരു കൃതാർഥ ജന്മത്തിന്റെ ചാരിതാർഥ്യം തീർത്തും അർഹതപ്പെട്ടതാണ്. ശാന്തസുന്ദരമായ നിത്യശാന്തി നേരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.