കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഒളിവിൽ. അറസ്റ്റ് തടയാന്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യ സമര്‍പ്പിച്ച ജാമ്യാപേക്ഷ ശനിയാഴ്ചയും പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് ദിവ്യ ഒളിവിൽപോയത്. ഇവർ ഉപയോഗിക്കുന്ന മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതിചേര്‍ക്കപ്പെട്ട് രണ്ടുദിവസം പിന്നിട്ടിട്ടും ദിവ്യയെ ചോദ്യംചെയ്യാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ആരംഭിച്ചിട്ടില്ല.
ദിവ്യയെ ചോദ്യംചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ജനപ്രതിനിധിയായതിനാല്‍ ജനപ്രാതിനിധ്യ നിയമം പാലിച്ചുമാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. എന്നാല്‍, കീഴ്കോടതി ജാമ്യ ഹരജി തള്ളിയാല്‍ ഹൈകോടതിയെ സമീപിക്കാനും ദിവ്യ നീക്കം നടത്തും. ഇതുകൂടി മുന്നില്‍കണ്ടാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. എ.ഡി.എമ്മിന്റെ ആത്മഹത്യക്കേസില്‍ ഏക പ്രതിയായിട്ടും പി.പി. ദിവ്യയെ ചോദ്യംചെയ്യാന്‍ പൊലീസ് കാലതാമസം വരുത്തിയത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് അവസരം ഒരുക്കാനാണെന്ന് ആരോപണമുണ്ട്.
വിവാദത്തിനു ശേഷം പുറത്തിറങ്ങാതിരുന്ന ദിവ്യ റെയില്‍വേ സ്റ്റേഷന് പരിസരത്ത് രഹസ്യമായെത്തിയാണ് കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. നവീന്റെ മരണത്തിനു ശേഷം രാജി സംബന്ധിച്ച നിലപാട് വ്യക്തമാക്കിയ കത്ത് മാത്രമാണ് പ്രതികരണമായി ദിവ്യ നടത്തിയത്. ‘ഒരായിരം തവണ വിളിച്ചുപറഞ്ഞാലും നമ്മളെക്കുറിച്ച് നമ്മള് പറയുന്ന സത്യത്തെക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കാം’ എന്ന സന്ദേശമാണ് വാട്സ്ആപ്പില്‍ ഡി.പി സ്റ്റാറ്റസായും പങ്കുവെച്ചിരിക്കുന്നത്.
അതേസമയം പി.പി. ദിവ്യ നൽകിയ മുന്‍കൂര്‍ ജാമ്യഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെയാണ് ജാമ്യ ഹരജി സമർപ്പിച്ചത്. കേസിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരൻ തലശ്ശേരിയിലെത്തി നിയമോപദേശം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.