കെ.എസ്.ആർ.ടി.സി ബസിൽ വൻ കവർച്ച; നഷ്ടപ്പെട്ടത് ഒരു കോടിയിലധികം രൂപയുടെ സ്വർണം

എടപ്പാള്‍: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ വന്‍ സ്വർണാഭരണ കവര്‍ച്ച. തൃശൂരിലെ സ്വർണ മൊത്തവ്യാപാരിയുടെ ഒരു കോടി എട്ടു ലക്ഷം രൂപ വിലവരുന്ന 182 പവൻ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറികളില്‍ കാണിക്കുന്നതിനായി തൃശൂര്‍ സ്വദേശിയായ ജീവനക്കാരന്‍ ജിബി കൊണ്ടുപോയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബാഗിൽ രണ്ട് പെട്ടികളിലായാണ് സ്വർണമുണ്ടായിരുന്നത്. രണ്ടാമത്തെ പെട്ടിയിലെ 250 ഗ്രാം സ്വർണം നഷ്ടപ്പെട്ടിട്ടില്ല.

ജ്വല്ലറിയിൽ കാണിച്ചശേഷം സ്വർണവുമായി തിരൂരിൽനിന്ന് കുറ്റിപ്പുറത്ത് എത്തിയ ജിബി ശനിയാഴ്ച രാത്രി 9.30ഓടെയാണ് കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസില്‍ കയറിയത്. ബസിൽ തിരക്കായത് കാരണം ബാഗ് പിറകില്‍ തൂക്കിയാണ് യാത്ര ചെയ്തത്. രാത്രി പത്തോടെ ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് ഇയാൾക്ക് ബസിന്റെ സീറ്റിൽ ഇരിക്കാൻ കഴിഞ്ഞത്.

സീറ്റിലിരുന്നപ്പോൾ ബാഗിന്റെ സിപ് തുറന്നുകിടക്കുന്നതാണ് കണ്ടത്. പരിശോധിച്ചപ്പോൾ സ്വർണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. തുടർന്ന് ബസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. ബസിലെ മുഴുവൻ ആളുകളെയും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് കേസെടുക്കുകയായിരുന്നു.

സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി. എടപ്പാളിലെ പല സി.സി ടി.വികളും പരിശോധിച്ചെങ്കിലും രാത്രിയിലായതിനാൽ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സ്വർണാഭരണങ്ങൾ കാണിച്ച തിരൂരിലെ ജ്വല്ലറികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കുറ്റിപ്പുറത്തെ ഹോട്ടലിൽനിന്ന് ജിബി ഭക്ഷണം കഴിച്ചിരുന്നു. ഇവിടത്തെ സി.സി ടി.വി പൊലീസ് പരിശോധിച്ചിട്ടുണ്ട്.

കുറ്റിപ്പുറത്തുനിന്ന് ബസിൽ കയറിയതിനു ശേഷമാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതെന്നാണ് ജിബി ഉറപ്പിച്ചുപറയുന്നത്. തൃശൂരിലെ സ്വർണവ്യാപാര സ്ഥാപനത്തിൽ ഇയാൾ പത്തു വർഷമായി ജോലി ചെയ്യുന്നുണ്ട്.

Tags:    
News Summary - Big gold robbery in KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.