പ്രവാസിക്ഷേമ കമീഷന്‍ രൂപവത്കരണ നടപടി തുടരാമെന്ന് ഹൈകോടതി


കൊച്ചി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കുന്ന പ്രവാസിക്ഷേമ കമീഷന്‍െറ രൂപവത്കരണ, നിയമന നടപടി തുടരാമെന്ന് ഹൈകോടതി. നിയമാനുസൃതമായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത കമീഷന്‍െറ രൂപവത്കരണവും നിയമനവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പരിധിയില്‍ വരുന്നതല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 
കമീഷന്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പേരില്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി കെ.എസ്. ഹമീദ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ (കേരളൈറ്റ് ) കമീഷന്‍ ആക്ട് 2016 നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2016 ജനുവരിയില്‍ തീരുമാനമെടുക്കുകയും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി. ഭവദാസനെ കമീഷന്‍െറ ചെയര്‍മാനുമായി പ്രഖ്യാപിച്ചു. 
എന്നാല്‍, മാര്‍ച്ച് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കമീഷന്‍െറ തുടര്‍ നടപടി തടസ്സപ്പെടുകയായിരുന്നു. ഇതിന് മുമ്പുതന്നെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കമീഷന്‍ രൂപവത്കരണത്തിനോ ചെയര്‍മാനുള്‍പ്പെടെ അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നതിനോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ല.  
പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കലാണ് കമീഷന്‍െറ ചുമതല. ഇത് ഒരുതരത്തിലും  പ്രവാസികളെ സ്വാധിനീക്കാന്‍ ഇടവരില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍െറയും നിയമവകുപ്പിന്‍െറയും ഇടപെടലിന്‍െറപേരില്‍ കമീഷന്‍ രൂപവത്കരണ നടപടി തുടരാനാകാത്ത അവസ്ഥയാണുള്ളതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ പ്രവാസിക്ഷേമ കമീഷന്‍ രൂപവത്കരണ നടപടി തുടരാന്‍ സാധ്യമല്ളെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട്. പ്രവാസികളുടെ വോട്ടവകാശമുള്‍പ്പെടെ കാര്യങ്ങള്‍ പരിഗണനയിലുള്ള വിഷയങ്ങളാണ്. ഈ സാഹചര്യത്തില്‍ കമീഷന്‍ രൂപവത്കരണം പ്രവാസികളുടെ കുടുംബാംഗങ്ങളായ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടിലെന്നും തുടര്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും കമീഷന്‍ വ്യക്തമാക്കി. 
പ്രവാസിക്ഷേമ കമീഷന്‍ രൂപവത്കരണ നടപടി തുടരാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കമീഷന്‍ അനുവദിച്ചാല്‍ മാത്രമെ നടപടി തുടരാനാകൂ. 
നിയമനങ്ങള്‍ നടത്തിയശേഷം അക്കാര്യവും വിജ്ഞാപനം നടത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കമീഷന്‍ രൂപവത്കരണം രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി വിനിയോഗിക്കരുതെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.