മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ വാദങ്ങള്‍ വിജിലന്‍സ് കോടതി തള്ളി. അജണ്ടയിലില്ലാത്ത വിഷയം റവന്യൂ വകുപ്പിനെ മറികടന്ന് വ്യവസായ വകുപ്പ് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരാനിടയായത് സംബന്ധിച്ച ഒരു പരാമര്‍ശം പോലുമില്ളെന്ന് വിലയിരുത്തിയ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തി. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ടതിന് തെളിവില്ളെന്നതടക്കം ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് കൂടുതല്‍ വിശദീകരണം തേടി.
റിപ്പോര്‍ട്ടിലെ അവ്യക്തത ഒഴിവാക്കാന്‍ മതിയായ വിശദീകരണം മേയ് രണ്ടിന് സമര്‍പ്പിക്കാന്‍ ജഡ്ജി ടി. മാധവന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം മാത്രമെ വിജിലന്‍സിന്‍െറ റിപ്പോര്‍ട്ട് കോടതി പരിഗണിക്കൂവെന്നും വ്യക്തമാക്കി.
ഭൂമിദാനവുമായി ബന്ധപ്പെട്ട ഫയല്‍ കാബിനറ്റില്‍ എത്തിച്ചത് വ്യവസായ വകുപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യവസായ വകുപ്പിന്‍െറ പങ്കിനെക്കുറിച്ചോ അജണ്ട തെറ്റിച്ച് വിഷയം കാബിനറ്റില്‍ എത്താനിടയായ സാഹചര്യത്തെക്കുറിച്ചോ വിശദീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഹരജിക്കാരനായ ജി. ഗിരീഷ് ബാബുവിന്‍െറ ആരോപണത്തെക്കുറിച്ച് റിപ്പോര്‍ട്ട് മൗനം പാലിക്കുകയാണ്. ഭൂപരിഷ്കരണ നിയമമനുസരിച്ച് മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിക്ക് ഇളവനുവദിക്കണമെങ്കില്‍ കോടതിവഴി മാത്രമെ സാധിക്കൂ. എന്നാല്‍, മറ്റൊരു പദ്ധതിയുടെ പേരില്‍ വ്യവസായ വകുപ്പ് ഈ പദ്ധതി മന്ത്രിസഭ മുമ്പാകെ വെക്കുകയായിരുന്നു. അജണ്ടയില്‍ ഇല്ലാതെയാണ് വിഷയം ചര്‍ച്ചക്കായി ഉള്‍പ്പെടുത്തിയത്. അജണ്ടയിലില്ലാത്ത വിഷയം എന്തിന് കാബിനറ്റ് പരിഗണിച്ചെന്ന് വ്യക്തമല്ല. സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി അംഗീകരിക്കാത്ത വിഷയം സര്‍ക്കാര്‍ എങ്ങനെ അംഗീകരിച്ചെന്ന് വ്യക്തമല്ളെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐ.ടി കമ്പനി സ്ഥാപിക്കാന്‍ സന്തോഷ് മാധവന് ബന്ധമുള്ള കമ്പനിക്ക് മിച്ചഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസെടുക്കാന്‍ തെളിവില്ളെന്നായിരുന്നു കോടതിക്ക് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സര്‍ക്കാറിന് നഷ്ടമില്ളെന്നും ഉത്തരവ് റദ്ദാക്കിയതിനാല്‍ മിച്ചഭൂമി നഷ്ടപ്പെട്ടിട്ടില്ലന്നും1600 കോടിയുടെ ഐ.ടി പദ്ധതിയായി വ്യവസായ മന്ത്രിയാണ് മന്ത്രിസഭാ യോഗത്തില്‍ അജണ്ടക്ക് പുറത്തുള്ള പദ്ധതി കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം പുത്തന്‍വേലിക്കര, തൃശൂര്‍ മടത്തുംപടി വില്ളേജുകളിലായി 140 ഏക്കര്‍ മിച്ചഭൂമിയാണ് കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഭൂമിദാനവുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മത്തേ തുടങ്ങിയവരെ പ്രതിചേര്‍ത്താണ് ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.