സംസ്ഥാനത്തേക്ക് ഹവാലപണമായി ഒഴുകുന്നത് കോടികള്‍

പാലക്കാട്: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഹവാലപണമായി ഒഴുകുന്നത് കോടികള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ 14 കോടിയിലധികം രൂപയും വന്‍സ്വര്‍ണ ശേഖരവുമാണ് സംസ്ഥാനത്താകെ പിടികൂടിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമധികം കുഴല്‍പ്പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം വാളയാര്‍ ഉള്‍പ്പെടെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ഹവാല സംഘത്തെ മൂക്കുകയറിടാന്‍ കഴിഞ്ഞിട്ടില്ല. 

ആദായ നികുതിവകുപ്പ് ഡെപ്യൂട്ടി കമീഷണര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകള്‍തോറും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കുഴല്‍പ്പണ വേട്ട ശക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ഒല്ലൂരില്‍ കഴിഞ്ഞദിവസം രണ്ടേമുക്കാല്‍ കോടിയുടെ ഹവാലപണം പിടികൂടിയത് ആദായനികുതി വകുപ്പ് അന്വേഷണത്തിനിടെയാണ്. അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായാണ് ഹവാലറാക്കറ്റിന്‍െറ നീക്കങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 16ന് ചിറ്റൂരില്‍ 2.97 കോടി രൂപയാണ് പൊലീസ് കുഴല്‍പ്പണ സംഘത്തില്‍നിന്ന് പിടികൂടിയത്. ഏപ്രില്‍ 22ന് ആലത്തൂരില്‍ നടത്തിയ റെയ്ഡില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപ പിടികൂടി. ഏപ്രില്‍ 16ന് തിരൂരില്‍ 1.65 കോടി രൂപയും പെരിന്തല്‍മണ്ണ തൂതയില്‍ മാര്‍ച്ച് 15ന് 1.20 കോടി രൂപയും പിടികൂടി. മാര്‍ച്ച് 23ന് വഴിക്കടവില്‍ 2.5 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മാര്‍ച്ച് 25ന് പെരിന്തല്‍മണ്ണയില്‍ ഹവാല റാക്കറ്റില്‍നിന്ന് 85 ലക്ഷം രൂപ കണ്ടെടുത്തു. 
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മലപ്പുറം, പാലക്കാട് ജില്ലകളില്‍ കുഴല്‍പ്പണ സംഘങ്ങള്‍ വിഹരിച്ചിരുന്നു. 2015 ആഗസ്റ്റ് 25ന് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ 2.89 കോടി രൂപയും 13 കിലോ സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തിരുന്നു. ബംഗളൂരു, ചെന്നൈ, ഈറോഡ്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലെ കാരിയര്‍മാര്‍ വഴിയാണ് വടക്കന്‍ ജില്ലകളിലേക്കുള്ള കുഴല്‍പ്പണവും സ്വര്‍ണവും ഒഴുകുന്നത്. നികുതിവെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണം സംസ്ഥാനത്ത് എത്തുന്നുണ്ട്. 

ബസിലും ട്രെയിനിലും പ്രത്യേകം അറയൊരുക്കിയ കാറിലുമടക്കം കുഴല്‍പ്പണവും സ്വര്‍ണവും സംസ്ഥാനത്ത് എത്തുന്നുണ്ട്. ബുധനാഴ്ച വയനാട് ലെക്കിടിയില്‍നിന്ന് 55 ലക്ഷം രൂപ പിടികൂടിയത് ബസില്‍നിന്നാണ്. തൃശൂര്‍ ഒല്ലൂരില്‍ പിടികൂടിയ പണം സ്വര്‍ണം കൈമാറിയതിനുശേഷം ഇതിന്‍െറ വിലയായി ലഭിച്ചതാണെന്നാണ് സൂചന. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍ക്ക് കുഴല്‍പ്പണറാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡയറക്റേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്‍റ്(ഡി.ആര്‍.ഐ), ആദായനികുതി വകുപ്പ് എന്നിവക്കാണ് ഹവാല കേസുകളുടെ തുടരന്വേഷണച്ചുമതല. 
പിടിക്കപ്പെടുന്ന സ്വര്‍ണവും കുഴല്‍പ്പണവും പൊലീസ് കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം കേസുകളുടെ വിവരങ്ങള്‍ ഡി.ആര്‍.ഐക്കും ആദായനികുതി വകുപ്പിനും കൈമാറുന്നുണ്ട്. എന്നാല്‍, ഈ മിക്ക കേസുകളിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടാവാറില്ളെന്ന് ആരോപണമുണ്ട്. കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരുമായി കുഴല്‍പ്പണ ലോബിക്കുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.