തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാന്‍ കമീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം റിട്ട. ഹൈകോടതി ജഡ്ജി എന്‍. കൃഷ്ണന്‍നായരെ അന്വേഷണ കമീഷനായി നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ദുരന്തമുണ്ടായ ഉടന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. നിരവധി പ്രതികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
പൊലീസുകാരന്‍െറ ഭാര്യക്ക് ജോലി നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സജി സെബാസ്റ്റ്യന്‍െറ ഭാര്യക്ക് ജോലിനല്‍കാന്‍ ഉത്തരവായി.
സജിയുടെ ഭാര്യ ഷെറിന്‍ ജോണിന്‍െറ അപേക്ഷ പരിഗണിച്ച ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇതുസംബന്ധിച്ച ഉത്തരവിറക്കി തുടര്‍നടപടികള്‍ക്കായി ഫയല്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് കൈമാറി. എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ സജി പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയാണ് മരണപ്പെട്ടത്.
അതേസമയം, സജിയുടെ കുടുംബത്തിന് സി.എ.പി.എസ് നിക്ഷേപപദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള പൊലീസ് ഹൗസിങ് സഹകരണസംഘം തീരുമാനിച്ചു. സഹകരണസംഘം പ്രസിഡന്‍റ് കൂടിയായ ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. അജയകുമാര്‍ (42) വര്‍ക്കല, അജിത്ത് (27) ചടയമംഗലം എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഇന്ദിര (48) കല്ലുവാതുക്കലിനെ ഓര്‍ത്തോ ഐ.സി.യുവിലേക്ക് മാറ്റി. സര്‍ജിക്കല്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന സുജാതക്ക് (31) ശസ്ത്രക്രിയ നടത്തി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്. അനസ്തേഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പ്ളാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്താല്‍മോളജി, ഇ.എന്‍.ടി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍, ഒ.എം.എഫ്.എസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ചാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.