വഖഫ് ബോര്‍ഡ്: നീതി നിഷേധത്തിനെതിരെ സമസ്തയുടെ മാര്‍ച്ച് ’

മലപ്പുറം: വഖഫ് ബോര്‍ഡിനും സര്‍ക്കാറിനും മുന്നറിയിപ്പുമായി സുന്നി യുവജന സംഘവും (എസ്.വൈ.എസ് ഇ.കെ വിഭാഗം) സമസ്ത ലീഗല്‍ സെല്ലും മലപ്പുറം കലക്ടറേറ്റ് മാര്‍ച്ച് നടത്തി. തര്‍ക്കമുള്ള പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. സ്ഥാപനങ്ങള്‍ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്താന്‍ ഒരു വിഭാഗം സുന്നികള്‍ ശ്രമിക്കുകയാണെന്നും വഖഫ്ബോര്‍ഡ് അധികൃതരും ഉദ്യോഗസ്ഥരും സര്‍ക്കാറും ഇതിന് കൂട്ടുനിന്നാല്‍ വന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കോടതിവിധി നടപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിബന്ധമല്ളെന്നിരിക്കെ മറുഭാഗത്തിന് അനുകൂലമായി നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് വിഘടിതര്‍ പുതിയ സംഘടനയുണ്ടാക്കിയതെന്നും ചില ക്രിമിനലുകളാണ് സംഘടനക്ക് നേതൃത്വം നല്‍കുന്നതെന്നും അധ്യക്ഷത വഹിച്ച സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ മമ്മദ് ഫൈസി പറഞ്ഞു. ഭരണത്തിലുള്ളവര്‍ ഞങ്ങള്‍ പറയുന്നത് കേട്ടില്ളെങ്കില്‍ അവരെ കേള്‍പ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയില്‍ ഭൂരിഭാഗവും സര്‍ക്കാറിനെ അനുകൂലിക്കുന്നവരായിട്ടും നീതി നടപ്പാക്കുന്നതില്‍ തടസ്സമെന്താണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ചോദിച്ചു. മുഖ്യമന്ത്രിയും വഖഫ് മന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു. പി.എ. ജബ്ബാര്‍ഹാജി സ്വാഗതം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.