കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്

ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിനു ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്. ഇതിനു സാവകാശം വേണ്ടതിനാല്‍ മൂന്നുമാസം കൊണ്ട് ബൂത്തു മുതല്‍ കെ.പി.സി.സി തലം വരെ പുന$സംഘടന നടത്തും. തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പു വരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ മാറ്റില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതി വരും.

സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ അന്തിമവട്ട ചര്‍ച്ചയിലാണ് ഈ തീരുമാനം. ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലത്തെിയ വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും എ.കെ. ആന്‍റണി, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം രാഹുല്‍ ഗാന്ധി നാലാംതവണയാണ് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വൈകീട്ട് നാലരയോടെ തുടങ്ങിയ നേതൃയോഗം രണ്ടര മണിക്കൂറിലേറെ നീണ്ടു. പാര്‍ട്ടി തീരുമാനം മുകുള്‍ വാസ്നിക്കാണ് യോഗത്തിനു ശേഷം വാര്‍ത്താലേഖകരെ അറിയിച്ചത്. കോണ്‍ഗ്രസിലെ പ്രശ്നപരിഹാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചര്‍ച്ച. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് ഇടഞ്ഞു നില്‍ക്കുന്നതടക്കം യു.ഡി.എഫിലെ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല.

വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തുനിന്നു മാറ്റാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍കൈയെടുത്തു നടത്തിയ ഗ്രൂപ്പു നീക്കം അന്തിമ ഘട്ടത്തിലും ഫലം കണ്ടില്ല.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.