മുതിർന്ന മാധ്യമപ്രവർത്തകൻ വി.ടി. രാജശേഖർ അന്തരിച്ചു

പ്രമുഖ ചിന്തകനും മാധ്യമ പ്രവർത്തകനും ദലിത് വോയ്സ് സ്ഥാപക പത്രാധിപരുമായ വി.ടി. രാജശേഖർ (93) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം.

ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച അദ്ദേഹം ദലിതുകളും പാർശ്വവത്കൃത സമൂഹങ്ങളും നേരിടുന്ന അനീതികൾ തുറന്നുകാട്ടാനും അവകാശങ്ങൾക്കായി വാദിക്കുവാനും വേണ്ടി 1981ലാണ് ദലിത് വോയ്സ് ആരംഭിച്ചത്.

കുറഞ്ഞ കാലം കൊണ്ട് തന്നെ സാംസ്കാരിക വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ട ദലിത് വോയ്സിലെ പല രചനകളും ചൂടുപിടിച്ച സംവാദങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറന്നു. ബ്രാഹ്മണ്യ ചിന്തകളെയും സംഘ്പരിവാറിനെയും നിശിതമായി വിമർശിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. രാജശേഖറിന്റെ മകൻ സലീൽ ഷെട്ടി ആംനസ്റ്റി ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  രാജശേഖറിന്റെ പല രചനകളും മലയാളമുൾപ്പെടെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഉഡുപ്പിക്കടുത്തുള്ള സ്വദേശമായ വോന്റിബേട്ടുവിൽ നടക്കും. 

Tags:    
News Summary - veteran journalist VT Rajashekhar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.