പോക്സോ കേസില്‍ വയോധികന് 30 വര്‍ഷം കഠിനതടവ്

തൃശൂര്‍: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 68കാരന് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു. കാണിപ്പയ്യൂര്‍ പുതുശേരി പുളിക്കല്‍ വീട്ടില്‍ വേലപ്പനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം, പോക്സോ നിയമത്തിലെ ക്രൂര ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന (പോക്സോ) നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് ശിക്ഷ വിധിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് രണ്ടുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് ഉത്തരവിട്ടു. രഹസ്യ വിചാരണയിലൂടെയാണ് കോടതി തെളിവെടുത്തത്. വിചാരണ തുടങ്ങി നാല് മാസത്തിനകം വിധി പ്രഖ്യാപിച്ചു. ജില്ലയില്‍ പോക്സോ കേസില്‍ ആറാമത്തെ വിധിയാണിത്. 2015 സെപ്റ്റംബറില്‍ പ്രതിയുടെ വീട്ടില്‍ ടി.വി കാണാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സ്കൂള്‍ അധികാരികള്‍ മുഖേന കുന്നംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം മജിസ്ട്രേറ്റ് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 11 സാക്ഷികളെ ഹാജരാക്കി. പീഡിപ്പിക്കപ്പെട്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍ മൊഴി നല്‍കി.

കുട്ടികള്‍ക്കെതിരായ പീഡനക്കേസില്‍ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ളെന്നും സമൂഹ മന$സാക്ഷിയെ ഞെട്ടിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പോക്സോ കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കുന്നംകുളം സി.ഐ കൃഷ്ണദാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.