കാസര്‍കോട്: മലയാളികളുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദിനെ (29) പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ നാലര വയസ്സുള്ള മകനെയും കൂടെ വിട്ടു. അന്വേഷണത്തിന്‍െറ ഭാഗമായി യാസ്മിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.സുനില്‍ ബാബു കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കണ്ണൂര്‍ വനിതാ ജയിലില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 11.10 ഓടെയാണ് യാസ്മിനെയും കുഞ്ഞിനെയും കോടതിയില്‍ എത്തിച്ചത്. കോടതി നടപടിക്രമങ്ങള്‍ അഞ്ച് മിനിറ്റിനകം അവസാനിച്ചു. കാബൂളിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് തന്നെ പൊലീസ് പിടികൂടിയതെന്നും സിനിമയും പാട്ടും അലോസരപ്പെടുത്താത്ത ദൈവരാജ്യത്തേക്ക് പോകാനാണ് താന്‍ ആഗ്രഹിച്ചതെന്നും യാസ്മിന്‍ ഒഴുക്കുള്ള ഇംഗ്ളീഷില്‍ കോടതിയോട് പറഞ്ഞു.
കാണാതായവരില്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദുമായി യാസ്മിന് ബന്ധമുള്ളതായി കണ്ടത്തെിയിട്ടുണ്ടെന്നും അന്വേഷണത്തിനുവേണ്ടി കോട്ടക്കല്‍, കൊല്ലം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടതിനാല്‍ കസ്റ്റഡിയില്‍ നല്‍കേണ്ടത് ആവശ്യമാണെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യുമ്പോള്‍ ഇവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുതെന്ന പ്രത്യേക ഉപാധിയോടെയാണ് കോടതി, പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കിയത്. 24 മണിക്കൂറും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകണമെന്നും തിങ്കളാഴ്ച രാവിലെ 11ന് വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ രണ്ടാം പ്രതിയാണ് യാസ്മിന്‍. മലപ്പുറം കോട്ടക്കലിലെ പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ഇംഗ്ളീഷ് അധ്യാപികയായി ജോലിചെയ്യുമ്പോഴാണ് ഇവര്‍ അബ്ദുല്‍ റാഷിദുമായി അടുത്തത്. റാഷിദ് വിദേശത്തേക്ക് കടന്നതിന് ശേഷവും യാസ്മിനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണംസംഘം സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഇവരെ പിടികൂടിയത്.
പിന്നീട് കാഞ്ഞങ്ങാട്ടത്തെിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് പാസ്പോര്‍ട്ടുകളും അബ്ദുല്‍ റാഷിദ് ഉപയോഗിച്ചിരുന്ന എ.ടി.എം കാര്‍ഡും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.