മാണി വിഭാഗം യു.ഡി.എഫ് വിട്ടു; യു.പി.എക്ക് പ്രശ്നാധിഷ്ഠിത പിന്തുണ

ചരല്‍ക്കുന്ന് (പത്തനംതിട്ട): യു.ഡി.എഫുമായുള്ള മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. നിയമസഭയില്‍ പാര്‍ട്ടി പ്രത്യേക ബ്ളോക്കായി ഇരിക്കും. ഒരു മുന്നണിയിലും ചേരാതെ കര്‍ഷകരുടെയും അധ്വാനവര്‍ഗത്തിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര വീക്ഷണത്തോടെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. പാര്‍ലമെന്‍റില്‍ പ്രശ്നാധിഷ്ഠിത സമീപനം സ്വീകരിക്കും. യു.ഡി.എഫ് വിട്ടാലും തദ്ദേശ-സഹകരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരുമെന്നും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവരുമെന്ന ചിന്തപോലും തങ്ങള്‍ക്കില്ളെന്നും ചരല്‍ക്കുന്നില്‍ നടന്ന ദ്വിദിന പാര്‍ട്ടി നേതൃ ക്യാമ്പിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. പാര്‍ട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കാനാണു വിട്ടുപോകാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി വിടാനുള്ള തീരുമാനം സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ രാവിലെ മുതല്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു അന്തിമതീരുമാനം. പിന്നീട് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തി. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ എഴുതി തയാറാക്കിയ കുറിപ്പ് വായിച്ച് കെ.എം. മാണി പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍, എല്ലാം ആലോചിച്ച് ഉറപ്പിച്ചും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചുമായിരുന്നു ചരല്‍ക്കുന്നിലെ നേതൃതീരുമാനങ്ങളെന്നും വ്യക്തമാണ്.
യു.ഡി.എഫിലായിരുന്നപ്പോള്‍ മുന്നണി നേതൃത്വവുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും വ്യവസ്ഥകളും പൂര്‍ണമായും പാലിക്കും. കേരള കോണ്‍ഗ്രസിന്‍െറ ഭാവി സംബന്ധിച്ചു തങ്ങള്‍ക്ക് ഒരാശങ്കയും ഇല്ളെന്നും ഇടതു മുന്നണിയിലേക്കോ എന്‍.ഡി.എയിലേക്കോ പോകില്ളെന്നും ഇടതു സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ അവരെ പിന്തുണക്കുമെന്നും മാണി ചോദ്യത്തിനു മറുപടി നല്‍കി. എന്നാല്‍, ജനദ്രോഹ നടപടിയുമായി അവര്‍ മുന്നോട്ടു പോയാല്‍ ശക്തമായ നിലപാടുമായി രംഗത്തുവരും. കോണ്‍ഗ്രസിനും നേതൃത്വത്തിനും എതിരെ രണ്ടാം ദിവസവും മാണി രൂക്ഷവിമര്‍ശമാണ് നടത്തിയത്. മുന്നണി വിടാനുള്ള തീരുമാനത്തിനു പിന്നില്‍ ബാര്‍ കോഴക്കേസ് മാത്രമല്ല നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍, ഇതുമൊരു വിഷയമാണ്. യു.ഡി.എഫ് വിടാനുള്ള തീരുമാനം എടുത്തതില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല.  പാര്‍ട്ടിയെയും തന്നെയും അപമാനിക്കാന്‍ മന$പൂര്‍വം കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസില്‍ പ്രത്യേക റിക്രൂട്ട്മെന്‍റും സ്റ്റഡി ക്ളാസും ബറ്റാലിയനും നിലവിലുണ്ട്. ഈ ബറ്റാലിയനില്‍ ഉമ്മന്‍ ചാണ്ടിയും ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഓരോരുത്തരുടെയും പേരെടുത്തു പറയേണ്ടതില്ളെന്നും മാണി പ്രതികരിച്ചു. ചില വ്യക്തികള്‍ മാത്രമാണ് ഇതിനു പിന്നില്‍. കോണ്‍ഗ്രസ് മുഴുവനല്ല. ആ വ്യക്തികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി യു.ഡി.എഫിലേക്ക് തിരിച്ചുപോകില്ളെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും പാര്‍ട്ടി ഗൗനിക്കുന്നില്ല. മുന്നണി വിടാനുള്ള തീരുമാനം കുറേക്കൂടി മുമ്പ് എടുക്കേണ്ടതായിരുന്നു. കേരള കോണ്‍ഗ്രസിനെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. ഈമാസം 14ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവിധ പരിപാടികള്‍ ആവിഷ്കരിക്കും.
 യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുടെ നിലപാടും സമീപനവും കേരള കോണ്‍ഗ്രസ് നോക്കുന്നില്ല. ക്ഷമയുടെ നെല്ലിപ്പലകയും കണ്ടപ്പോഴാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടിവന്നത്. വിഷമമുണ്ട്-സങ്കടമുണ്ട്. അതിലേറെ ദുഖവും ഉണ്ട്. വേദനയോടെയാണ് മുന്നണി വിടുന്നത്.യു.ഡി.എഫിന്‍െറ വളര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്‍െറ പങ്ക് ആര്‍ക്കും തള്ളാനാവില്ല. സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ ആര്‍ക്കും താല്‍പര്യം തോന്നുന്നതുപോലെയാണ് കേരള കോണ്‍ഗ്രസിനെ വിവിധ മുന്നണികള്‍ സ്വാഗതം ചെയ്യുന്നതെന്നായിരുന്നു പുതിയ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള മാണിയുടെ പ്രതികരണം.
Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.