ഒത്തുതീർപ്പിനില്ല; മാണിയെ പ്രകോപിപ്പിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി മാണിയുടെ പിന്നാലെ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് സൂചന. എന്നാൽ കോണ്‍ഗ്രസിനെതിരായി മാണി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണി വിഭാഗവുമായി പുലര്‍ത്തേണ്ട ബന്ധത്തെക്കുറിച്ചും ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉച്ചക്ക് പത്രസമ്മേളനം നടത്തും.

കോണ്‍ഗ്രസിനും ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കും എതിരെ മാണി വിഭാഗം നിരവധി ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലുവാരിയെന്നും മാണിയെ പാലായില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ മാണിയെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കേണ്ടതില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നതില്‍ പ്രതികരണം ഒതുക്കിയാല്‍ മതിയെന്നുമുള്ള തന്ത്രപരമായ നിലപാട് സ്വീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായാണ് അറിയുന്നത്.

മാണിയെ രൂക്ഷമായി വിമർശിക്കുന്തിൽ യു.ഡി.എഫിലെ ഘടകകക്ഷികൾക്കും എതിർപ്പുണ്ടെന്നാണ് അറിയുന്നത്. കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നാണ് ജെ.ഡി.യുവിന്‍റെയും കേരള കോണ്‍ഗ്രസ് ജേക്കബിന്‍റെയും നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.