ലഹരിവസ്തുക്കളുടെ വില്‍പന: എക്സൈസിന് വാട്സ്ആപ്പിലൂടെ വിവരങ്ങള്‍ കൈമാറാം


തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ഉപയോഗം, വില്‍പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് വകുപ്പിന് കൈമാറാന്‍ പുതിയ വാട്സ്ആപ് നമ്പര്‍. 9061178000 എന്ന നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സമൂഹത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സാധിക്കൂവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

വാട്സ്ആപ് നമ്പറിന്‍െറ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്‍െറ ഉപഭോഗം കുറക്കാന്‍ മുന്‍സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഉദ്ദേശിച്ചഫലം കണ്ടില്ല. വിദേശമദ്യവില്‍പനയില്‍ കുറവുണ്ടായപ്പോള്‍ ബിയര്‍, വൈന്‍ വില്‍പനയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഒരുവിഭാഗം ചെറുപ്പക്കാര്‍ കഞ്ചാവും ഇതര മയക്കുമരുന്നുകളും ഉപയോഗിക്കാന്‍ തുടങ്ങി. വനിതകള്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടത്തൊനും അവരെ സാമൂഹികജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും വകുപ്പില്‍ കൂടുതല്‍ വനിതകളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എം.വി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് സ്വാഗതം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. ബിന്ദു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷനല്‍ എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്‍റ്) എ. വിജയന്‍, പി.ടി.എ പ്രസിഡന്‍റ് എ.എസ്. മന്‍സൂര്‍, ഐഡിയ സെല്ലുലാര്‍ കേരള ഹെഡ് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഡോ. എല്‍.ആര്‍. മധുജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.