കൊച്ചി: വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ഹൈകോടതി ഉത്തരവ്. കുളത്തൂപ്പുഴ മോളി വില്ലയിൽ ജോൺ തോമസിന്റെ ഭാര്യ ഷൈബി എബ്രഹാമിന്റെ ആശ്രിതർക്കാണ് നഷ്ടപരിഹാരം വർധിപ്പിച്ചത്.
പത്തനംതിട്ട എം.എ.സി.ടി കോടതി വിധിച്ച 2.92 കോടി രൂപയുടെ നഷ്ടപരിഹാരം 3.65 കോടി രൂപയായാണ് ജസ്റ്റിസ് ജോൺസൺ ജോൺ വർധിപ്പിച്ചത്. ശേഷിക്കുന്ന 73.66 ലക്ഷം രൂപ ഏഴുശതമാനം പലിശയടക്കം നൽകണമെന്നും നാഷനൽ ഇൻഷുറൻസ് കമ്പനിയോട് ഹൈകോടതി നിർദേശിച്ചു. ആസ്ട്രേലിയയിൽ നഴ്സായിരുന്ന മോളി അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. 2013 മേയ് ഒമ്പതിന് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് വിചാരണയിൽ വ്യക്തമായിരുന്നു. കേസിൽ എം.എ.സി.ടി കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനിയും അപര്യാപ്തമെന്നറിയിച്ച് ഷൈബിയുടെ അമ്മയും ഭർത്താവും മൈനറായ രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ആസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്ന ഷൈബിക്ക് 54,980 ഡോളർ വാർഷിക വരുമാനമുണ്ടായിരുന്നുവെന്ന് ഹൈകോടതി നിർണയിച്ചു. 34 വയസ്സായിരുന്നു മരിക്കുമ്പോൾ പ്രായം. ഹരജി ഫയൽ ചെയ്ത ദിവസത്തെ വിദേശവിനിമയ നിരക്ക് പരിഗണിച്ചാണ് നഷ്ടപരിഹാരം വർധിപ്പിച്ചത്. നേരത്തേ, വിചാരണകോടതി അപകടമുണ്ടായ ദിവസത്തെ വിനിമയ നിരക്ക് കണക്കിലെടുത്തതും ഭാവിയിൽ ലഭിക്കാമായിരുന്ന വരുമാനം കണക്കാക്കാൻ 10 കൊണ്ട് ഗുണിച്ചതും തെറ്റായ തീരുമാനമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. 31-35 പ്രായപരിധിയിലുള്ളവർ മരിച്ചാൽ ഭാവിയിൽ ലഭിക്കാവുന്ന വരുമാനം കണക്കാക്കേണ്ടത് 16 കൊണ്ട് ഗുണിച്ചാണെന്നും സുപ്രീംകോടതി വിധി ഉദ്ധരിച്ച് ഹൈകോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് ഉണ്ടാവാനിടയുള്ള ജീവിതച്ചെലവും നൽകേണ്ട നികുതിയും കിഴിച്ചാണ് 3.65 കോടി രൂപ നഷ്ടപരിഹാരത്തുക ഹൈകോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.