തിരുവനന്തപുരം: സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ഭൂരിഭാഗം അംഗങ്ങളും വിട്ടുനിന്നതോടെ തുടർച്ചയായ രണ്ടാംതവണയും എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) സിൻഡിക്കേറ്റ് യോഗം ക്വോറം തികയാതെ പിരിഞ്ഞു. വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദും അക്കാദമിക് ഡീൻ ഡോ. വിനു തോമസും മാത്രമാണ് യോഗത്തിനെത്തിയത്. രജിസ്ട്രാർ, റിസർച് ഡീൻ തസ്തികകളിൽ പകരക്കാരായതിനാൽ പങ്കെടുക്കാനാകില്ല. അഞ്ചുപേർ ഉണ്ടെങ്കിലേ ക്വോറം തികയൂ. ബജറ്റ് പാസാക്കുന്നതിനാണ് വി.സി പ്രത്യേക യോഗം വിളിച്ചത്. എന്നാൽ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബജറ്റായിരിക്കണം സിൻഡിക്കേറ്റ് പരിഗണിക്കേണ്ടതും ബോർഡ് ഓഫ് ഗവേണേഴ്സിൽ അവതരിപ്പിക്കേണ്ടതും.
നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധി കഴിയുംമുമ്പ് ബജറ്റ് പാസാക്കാതിരിക്കാൻ വി.സി സിൻഡിക്കേറ്റ് യോഗങ്ങൾ നീട്ടിക്കൊണ്ട് പോയതായി ആക്ഷേപം ഉയർന്നിരുന്നു. സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി വിളിച്ച് ബജറ്റ് അംഗീകരിക്കാതെ സിൻഡിക്കേറ്റിൽ നേരിട്ട് വെച്ച് പാസാക്കുന്നത് നിയമക്കുരുക്കാകുമെന്ന അഭിപ്രായമുയർന്നതോടെയാണ് സർക്കാർ പ്രതിനിധികൾ പങ്കെടുക്കാതിരുന്നത്.
നിയമസഭ സമ്മേളനത്തിനിടെയുള്ള ഒഴിവുദിവസം മണ്ഡലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ സിൻഡിക്കേറ്റിലെ എം.എൽ.എമാരും എത്തിയില്ല. ബജറ്റ് പാസാക്കാനാകാത്തതോടെ സർവകലാശാല സമ്പൂർണ ഭരണ സ്തംഭനത്തിലായി. ബജറ്റ് പാസാക്കാതെ പുതിയ സാമ്പത്തിക വർഷത്തിൽ ഒരു രൂപ പോലും ചെലവഴിക്കാനാകില്ല. ഏപ്രിലിൽ നടക്കേണ്ട അക്കാദമിക് സമിതി യോഗങ്ങളുടെയും പരീക്ഷകളുടെയും നടത്തിപ്പിനെ ഇത് പ്രതികൂലമായി ബാധിക്കും.
നേരത്തെ, അജണ്ടയിലില്ലാത്ത വിഷയങ്ങൾ ചർച്ചക്ക് കൊണ്ടുവന്നുവെന്ന് ആരോപിച്ച് സിൻഡിക്കേറ്റ് യോഗത്തിൽനിന്ന് വി.സി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് അംഗങ്ങൾ യോഗം തുടരുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങൾ വി.സി റദ്ദാക്കി. ഇതിനെതിരെ സിൻഡിക്കേറ്റംഗങ്ങൾ സമർപ്പിച്ച ഹരജി ഹൈകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇതേ അജണ്ടകളുമായി ചേർന്ന കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം അംഗങ്ങൾ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചിരുന്നു. ഇതിന് അക്കാദമിക് ഡീനിനും റിസർച് ഡീനിന്‍റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും വി.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇരുവരും ശനിയാഴ്ച യോഗത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.