????????? ???????? ??????? ??????????? ?????? ?????????? ????????????

ആറന്മുള വിമാനത്താവളം: പഠനസംഘത്തെ പ്രവേശിപ്പിക്കില്ലെന്ന് ഏകോപന സമിതി

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി അനുമതി നല്‍കിയതോടെ പ്രദേശത്ത് സമരകാഹളം മുഴങ്ങുന്നു. പഠനസംഘത്തെ ഇവിടേക്ക് പ്രവേശിപ്പിക്കില്ളെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. പത്മകുമാര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014 മേയ് 28ന് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു സമിതി സമരം അവസാനിപ്പിച്ചത്. ഉപേക്ഷിച്ച പദ്ധതിക്ക് വീണ്ടും അനുമതി നല്‍കിയതില്‍ എന്തൊക്കെയോ ഒളിച്ചുകളികള്‍ നടന്നതായും സമരസമിതി സംശയിക്കുന്നു.

പദ്ധതിക്കെതിരെയുള്ള സമരത്തിനു നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രത്തിനു നല്‍കിയ പരാതികള്‍ നിലനില്‍ക്കവെയാണ് വിദഗ്ധ സമിതിയുടെ തീരുമാനമുണ്ടായത്. പദ്ധതിക്ക് അനുമതി നല്‍കില്ളെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് കുമ്മനം ഇപ്പോള്‍ പറയുന്നത്. പഠനം നടത്താന്‍ അനുമതി ചോദിച്ചാല്‍ അത് കൊടുത്തേ മതിയാകൂവെന്നാണ് കേന്ദ്ര നേതാക്കള്‍ കുമ്മനത്തിനെ ധരിപ്പിച്ചതെന്നും പറയപ്പെടുന്നു.

അതേസമയം, ബി.ജെ.പി വഞ്ചിച്ചതായാണ് സമരത്തിന് ഒപ്പമുണ്ടായിരുന്ന സി.പി.എം നേതാക്കളുടെ ആരോപണം. നടപ്പാക്കാന്‍ സാധ്യതയില്ലാത്ത പദ്ധതി വീണ്ടും എടുത്തിട്ട് വിഷയം ചൂടുപിടിപ്പിക്കുന്നതിനു പിന്നിലെ ദുരുദ്ദേശ്യങ്ങളും വ്യക്തമല്ല. പരിസ്ഥിതി പഠനത്തിന് മന്ത്രാലയം നിര്‍ദേശിച്ചതിന് പുറമെ 15 കാര്യങ്ങള്‍ കൂടി പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്താനും സമിതി നിര്‍ദേശമുണ്ട്. ഇതിലൊന്ന് പൊതുജന അഭിപ്രായം തേടുകയെന്നതാണ്. ആദ്യം പഠനം നടത്തിയ ചെന്നൈയിലെ എന്‍വിറോ കെയര്‍ എന്ന ഏജന്‍സി തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പരിസ്ഥിതി അനുമതി നേടിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറും പദ്ധതിക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ സമരസമിതി ട്രൈബ്യൂണല്‍ മുമ്പാകെ പരാതി നല്‍കിയാണ് പദ്ധതി പൊളിച്ചത്.

ഇതിനിടെ ആറന്മുളയിലെ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യവും ശക്തമായി. 2010 സെപ്റ്റംബറില്‍ വി.എസ് മന്ത്രിസഭയായിരുന്നു പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. കൈവശമുള്ള 350 ഏക്കര്‍ ഭൂമികൊണ്ട് വിമാനത്താവളം തുടങ്ങാന്‍ കഴിയില്ളെന്നും ബാക്കി 150 ഏക്കര്‍ കൂടി വേണമെന്ന് കെ.ജി.എസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2011 ഫെബ്രുവരി 24ന് വ്യവസായ വകുപ്പ് 500 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് കൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ഇതിന്‍െറ ഗസറ്റ് വിജ്ഞാപനവും ഇറങ്ങി. തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് അറിഞ്ഞ നാട്ടുകാര്‍ ഉടന്‍ സമരരംഗത്തേക്കിറങ്ങുകയായിരുന്നു. പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്ന നടപടിയും നീളുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.