Vellappally Natesan, PC George

പി.സി. ജോർജിന്‍റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല, വാ തുറക്കുന്നത് തെറി പറയാനും ഭക്ഷണം കഴിക്കാനും; ക്രിസ്ത്യാനികൾ ഹിന്ദുക്കളെ മതംമാറ്റുന്ന കാര്യം ജോർജ് പറയുന്നില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ബി.ജെ.പിയിൽ വന്ന പി.സി. ജോർജിന്‍റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്നും ആകെ കൂടെയുള്ളത് മകൻ മാത്രമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്രിസ്ത്യൻ സമൂഹത്തിലുള്ള എത്രയോ പേരെ ബി.ജെ.പി കേന്ദ്രമന്ത്രിമാരാക്കി. പി.സി. തോമസ്, അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവരെ കേന്ദ്രമന്ത്രിയാക്കിയിട്ടുണ്ട്. ക്രിസ്ത്യാനിയുടെ ഒരു കുരിശ് പോലും കൊണ്ടുവരാനായില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ആരെയും എന്തും തെറി പറയുന്ന പി.സി. ജോർജിനെ കൊണ്ടുവന്നു. ജോർജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. സ്വന്തം മകൻ മാത്രമേ ഉള്ളൂ. തെറി പറയാൻ മാത്രമേ അദ്ദേഹത്തെ ഉപയോഗിക്കാം. ജോർജിന്‍റെ ലൗ ജിഹാദ് പരാമർശം ബി.ജെ.പിയെ സുഖിപ്പിക്കാനാണ്. ലൗ ജിഹാദിൽ 42 പേരുണ്ടെന്നാണ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങൾ പുറത്തു പറയാമോ?. എന്നാൽ, ജോർജ് പറയുന്നത് ശരിയാണെന്ന് താൻ സമ്മതിക്കാം. ഭക്ഷണം കഴിക്കാനും തെറി പറയാനും മാത്രമാണ് ജോർജ് വാ തുറക്കുന്നത്.

ക്രിസ്ത്യാനികളിലെ പൊന്തക്കോസ്തുകാർ ഹിന്ദുക്കളെ മതം മാറ്റുന്ന കാര്യം പി.സി. ജോർജ് പറയുന്നില്ല. ലൗ ജിഹാദ് ഒരാളാണെങ്കിൽ കുടുംബമായാണ് ഈ മതംമാറ്റം. പൊന്തക്കോസ്തുകാർ പണം നൽകി ഹിന്ദുക്കളെ സാവർത്രികമായി മതം മാറ്റുന്നു. അക്കാര്യം മിണ്ടാതിരിക്കുകയും 42 ആളുകളെ ലൗജിഹാദ് നടത്തിയെന്നുണ് ജോർജ് പറയുന്നത്.

ലൗജിഹാദ് പറഞ്ഞപ്പോൾ ജോർജ് ബി.ജെ.പി ദേശീയ കമ്മിറ്റിയിൽ അംഗമായി. ചീത്ത പറഞ്ഞാൽ ദേശീയ കമ്മിറ്റിയിൽ. ഇനി മകനെ അന്തർ ദേശീയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാൽ അതിശയപ്പെടാനില്ല. ഈഴവർ തെണ്ടികളാണെന്ന് ഒരു കാലത്ത് പറഞ്ഞ ആളാണ് ജോർജ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ ഉച്ചിഷ്ടങ്ങൾ അടിഞ്ഞു കൂടുന്ന പാർട്ടിയായി ബി.ജെ.പി മാറിയില്ലേ എന്ന് സംശയമുണ്ട്. കേരളത്തിൽ ബി.ജെ.പി വളരാത്തത് അവരുടെ കൈയ്യിലിരിപ്പ് കൊണ്ടാണ്. കേരളത്തിൽ അടുത്ത തവണയും ഇടതുപക്ഷം അധികാരത്തിൽ വരാനാണ് സാധ്യത. അത് ഇടതുപക്ഷത്തിന്റെ ഗുണം കൊണ്ടല്ല, യു.ഡി.എഫിന്റെ ദോഷം കൊണ്ടാണ്.

പുരുഷന്മാർക്ക് ഉടുപ്പ് ധരിക്കാമെന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളിൽ നടപ്പാക്കിയതാണ്. ചില തന്ത്രിമാർക്കാണ് ക്ഷേത്രത്തിൽ ഉടുപ്പൂരിക്കണമെന്ന് നിർബന്ധം. വർണ്ണവെറി ഇപ്പോഴുമുണ്ട്. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരറിവല്ല. വർണത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനം ഇപ്പോഴും നിലനിൽക്കുന്നു. ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ ഇതെല്ലാം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Vellappally Natesan criticize PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.